AI Generated Image
ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ച് പോയ പന്ത് തിരഞ്ഞെത്തിയ കുട്ടികള്‍ കണ്ടെത്തിയത് ദ്രവിച്ച് തുടങ്ങിയ അസ്ഥികൂടം. ഹൈദരാബാദിലെ നമ്പള്ളിയിലാണ് സംഭവം. നമ്പള്ളി മാർക്കറ്റിന് സമീപമായി ഏറെക്കാലം പൂട്ടിക്കിടന്ന വീടിനുള്ളിലാണ് അസ്ഥികൂടം കണ്ടത്.
അടുത്തുള്ള മൈതാനത്ത് നിന്നും കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പന്ത് വീടിനകത്തേക്ക് തെറിച്ച് വീണത്. ഇതോടെ കുട്ടികള്‍ പന്തെടുക്കുന്നതിനായി വീടിനുള്ളിലേക്ക് കയറി. അസ്ഥികൂടം കണ്ട് നടുങ്ങിപ്പോയ കുട്ടികള്‍ ഒപ്പമുള്ളവരെയും വിളിച്ചു കാണിച്ചു. പിന്നാലെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു.
കുട്ടികള്‍ പങ്കുവച്ച വിഡിയോയിൽ വീടിന്റെ അടുക്കള എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു അസ്ഥികൂടം കമിഴ്ന്ന് കിടക്കുന്ന നിലയില്‍ നിലത്ത് കിടക്കുന്നത് വ്യക്തമാണ്. ഇതിന് ചുറ്റും നിരവധി പാത്രങ്ങളും കിടക്കുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഇടപെടുകയും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന പ്രത്യേക സംഘമായ ക്ലൂസ് ടീം പ്രദേശത്തേക്ക് എത്തുകയും ചെയ്തു.
വീട് വിശദമായി പരിശോധിച്ച സംഘം കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകളും തെളിവുകളും ശേഖരിച്ച് മടങ്ങി. മരിച്ച വ്യക്തിയുടെ ഐഡന്റിറ്റി ഉറപ്പാക്കാൻ അസ്ഥികള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചന്ദ്രമോഹൻ ഉൾപ്പെടെയുള്ള ഹബീബ് നഗർ പോലീസിന്റെ സംഘം സ്ഥലത്തെത്തുകയും ബാക്കിവന്ന അസ്ഥികള്‍ പിടിച്ചെടുക്കുകയും ചെയ്തു.
വീട്ടുടമസ്ഥൻ വിദേശത്ത് താമസിക്കുകയാണെന്നും ഏഴ് വർഷത്തിലേറെയായി സ്ഥലം ഒഴിഞ്ഞുകിടക്കുകയാണെന്നും പ്രദേശത്തെ നാട്ടുകാർ പോലീസിനോട് പറഞ്ഞു. മുനീർ ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇതെന്നും അദ്ദേഹത്തിന്റെ നാലാമത്തെ കുട്ടി ഇവിടെ താമസിച്ചിരുന്നതായും ബാക്കിയുള്ളവർ മറ്റിടങ്ങളിലേക്ക് താമസം മാറിയതായുമാണ് നാട്ടുകാര്‍ പറയുന്നത്.
അസ്ഥികള്‍ ദ്രവിച്ചു തുടങ്ങിയതിനാല്‍ത്തന്നെ മരണം സംഭവിച്ചിട്ട് കുറച്ചുകാലങ്ങളായിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അവിവാഹിതനായ ഏകദേശം 50 വയസ് പ്രായം വരുന്ന മാനസീകാസ്വാസ്ഥ്യമുള്ള ആളായിരിക്കാം മരിച്ചതെന്നും കരുതുന്നു. അതേസമയം, മർദനത്തിന്റെയോ രക്തക്കറയുടേയോ അടയാളങ്ങളൊന്നും ഇവിടെ നിന്നും കണ്ടെത്താനായില്ല.