പാലിൽ കുളിച്ച് വിവാഹമോചനം ആഘോഷിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ താൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്. നാലു ബക്കറ്റ് പാലാണ് ഇയാള്‍ കുളിക്കാനായി ഉപയോഗിച്ചത്.
‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ അറിയിച്ചു. അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞാൻ പാലിൽ കുളിക്കുന്നു’ മാനിക് അലി പറഞ്ഞു.
മകളെ ഓർത്ത് വിവാഹബന്ധം തുടരാൻ ആത്മാർഥമായി ശ്രമിച്ചിരുന്നെന്ന് മാനിക് വിഡിയോയിൽ പറയുന്നു. എന്നാൽ ഭാര്യ വിവാഹേതര ബന്ധം തുടരുകയും പലതവണ കുടുംബത്തെ ഉപേക്ഷിക്കുകയും ചെയ്തു. ആവർത്തിച്ചുള്ള അനുരഞ്ജനങ്ങൾക്കിടയിലും ബന്ധം തകർച്ചയുടെ വക്കിലെത്തി. ഒടുവിൽ, നിയമപരമായ മാർഗങ്ങളിലൂടെ വിവാഹമോചനം നേടുകയായിരുന്നെന്ന് മാനിക് പറഞ്ഞു.