ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു സ്ത്രീയും യുവാവും തമ്മിലുള്ള വാക്കുതർക്കം പരസ്യമായ അധിക്ഷേപത്തിലേക്കും കൈയേറ്റത്തിലേക്കും മാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ട്രെയിൻ കോച്ചിൽ സീറ്റ് പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വിഡിയോയിൽ, ഒരു സ്ത്രീ ദീർഘനേരം യുവാവുമായി ഉച്ചത്തിൽ തർക്കിക്കുന്നത് കാണാം. തർക്കം തുടരുമ്പോൾ ട്രെയിനിലെ മറ്റ് യാത്രക്കാർ സംസാരിക്കുന്നതും കാണാം.
സ്ത്രീ കയ്യിലൊരു ചെരിപ്പുമെടുത്ത് യുവാവിനെ അടിക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. തുടർന്ന്, സ്ത്രീ ജാതി അധിക്ഷേപം നടത്തുന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളാകുന്നത്. 'ചമാർ' എന്ന് ആവർത്തിച്ച് വിളിച്ച് അധിക്ഷേപിക്കുന്നത് വ്യക്തമായി കേൾക്കാം. താനൊരു 'പണ്ഡിറ്റ്' ആണെന്നും തന്‍റെ കുടുംബത്തിന്‍റെ സാമൂഹിക നിലയെക്കുറിച്ചും സ്ത്രീ സംസാരിക്കുന്നത് വിഡിയോയിൽ കാണാം.
തന്‍റെ മകൻ എഞ്ചിനീയറാണെന്നും ഭർത്താവ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണെന്നും സ്ത്രീ പറയുന്നു. യുവാവിന്‍റെ ഭാര്യയെയും സംസാരത്തിലേക്ക് ഇവർ വലിച്ചിഴയ്ക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് യുവാവ് സ്ത്രീയെ മർദ്ദിച്ചത്. അതേസമയം, യുവാവ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് വിഡിയോയുടെ കാണാം. സ്ഥിതി ശാന്തമാക്കാൻ സ്വന്തം സീറ്റിൽ നിന്ന് മാറിപ്പോകാനും യുവാവ് ശ്രമിക്കുന്നുണ്ട്. എന്നാൽ, നിരന്തരമായ അധിക്ഷേപത്തിൽ പ്രകോപിതനായ യുവാവ് ഒടുവിൽ സ്ത്രീയുടെ മുഖത്ത് തുടരെ അടിക്കുകയായിരുന്നു.