രാജ്കുമാർ സന്തോഷിയുടെ പുതിയ ചിത്രം 'ബത്‌വാര 1947'ന്‍റെ ഷൂട്ടിങിനിടെ തനിക്ക് അഭിനയിക്കേണ്ടതായി വന്ന ഏറെ പ്രയാസകരമായ രംഗത്തെ കുറിച്ച് വികാരധീനയായി നടി ഷബാന ആസ്മി. ചിത്രത്തിൽ വില്ലൻ കഥാപാത്രം തന്നെ ഉപദ്രവിക്കുന്നതും വസ്ത്രങ്ങൾ വലിച്ചുകീറുന്നതുമായ രംഗത്തെ കുറിച്ചാണ് ഷബാന സംസാരിച്ചത്. രംഗത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ താൻ നിസ്സഹായയും അപമാനിക്കപ്പെട്ടതായും തോന്നിയെന്ന് ഷബാന പറഞ്ഞു. എന്നാല്‍ ആ സമയം, സണ്ണി ഡിയോൾ യഥാർഥ ജീവിതത്തിൽ തനിക്ക് രക്ഷകനായി മാറുകയായിരുന്നുവെന്നും ഷബാന പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടയിലാണ് വെളിപ്പെടുത്തല്‍.

‘ഈ സിനിമയിൽ എനിക്ക് വ്യക്തിപരമായി, ഒരു മനുഷ്യന്‍ എന്ന നിലയിൽ, സ്ത്രീയെന്ന നിലയില്‍... കടുത്ത അപമാനം തോന്നുകയും ആത്മാഭിമാനം നഷ്ടപ്പെട്ടതുപോലെ തോന്നുകയും ചെയ്ത ഒരു രംഗമുണ്ട്. വില്ലൻ എന്നെ വലിച്ചിഴയ്ക്കുകയും എന്റെ കുർത്ത കീറുകയും ചെയ്യുന്ന രംഗം. ട്രെയിലറുകളിൽ അതിന്റെ ചെറിയൊരു ഭാഗം നിങ്ങൾക്ക് കാണാൻ കഴിയും. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയിൽ, ഞാൻ ഇതിനുമുമ്പ് ഇത്രയധികം അരക്ഷിതാവസ്ഥ, അനുഭവിച്ച, അപമാനിതയായി തോന്നിയ നിമിഷം ഉണ്ടായിട്ടില്ല, സത്യം. എന്നെ ഒടുവില്‍ സണ്ണി വന്ന് ഒരു ദുപ്പട്ട എന്റെ മേൽ ഇട്ടപ്പോൾ, കഥാപാത്രമായല്ല, മറിച്ച് യഥാർഥ ജീവിതത്തിലും അവൻ എന്റെ മകനായി, എന്റെ രക്ഷകനായി മാറി. ഞാൻ അവനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും, 'എന്നെ രക്ഷിക്കാൻ നീ ഇവിടെയുണ്ടല്ലോ, ദൈവത്തിന് നന്ദി' എന്ന് പറയുകയും ചെയ്തു’– ഷബാന പറയുന്നു.

അതേസമയം, ഹോളിവുഡില്‍ മറ്റൊരു പ്രോജക്ടിന്‍റെ തിരക്കിലായിട്ടും ചിത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തന്റെ ഷെഡ്യൂൾ മാറ്റിവെച്ചാണ് ഷബാന ചിത്രത്തിൽ അഭിനയിച്ചതെന്ന് സംവിധായകൻ രാജ്കുമാർ സന്തോഷി വ്യക്തമാക്കി. ‘ഞാൻ അവരോട് കഥ പറഞ്ഞപ്പോൾ അവർ പറഞ്ഞു, ഈ സിനിമ വളരെ പ്രധാന്യമുള്ളതാണ്. അത് ചെയ്യണം. ആപ്പോള്‍ അവര്‍ ഒരു ഹോളിവുഡ് പ്രോജക്റ്റിലായിരുന്നു. എന്നിട്ടും അവർ ഷൂട്ട് പുനഃക്രമീകരിച്ച്, ഈ ചിത്രത്തിനായി സമയം കണ്ടെത്തി. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അവരോട് നന്ദിയുള്ളവനായിരിക്കും, കാരണം അവർ മായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, മായിയായി ജീവിക്കുകയായിരുന്നു’– രാജ്കുമാർ സന്തോഷി പറഞ്ഞു.

'ബത്‌വാര 1947' യാഥാർഥ്യമാക്കാൻ തനിക്ക് 15 വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഒടുവിൽ ആമിർ ഖാൻ നിർമ്മാതാവായി ഒപ്പുവന്നതോടെയാണ് ചിത്രം യാഥാർത്ഥ്യമായത്. അതില്‍ ആമിർ ഖാനോടും സണ്ണി ഡിയോളിനോടും താന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിനിടയിൽ ഏറെ വികാരാധീനനായാണ് സണ്ണി ഡിയോളും സംസാരിച്ചത്. പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുന്ന സിനിമകളാണ് എപ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും, ഈ ചിത്രം തന്റെ അമ്മയ്ക്കും ലോകത്തെ എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നതായും താരം വ്യക്തമാക്കി.

'ഘായൽ', 'ദാമിനി', 'ഘതക്' തുടങ്ങിയ മാസ്റ്റർപീസ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ രാജ്കുമാർ സന്തോഷിയും നടൻ സണ്ണി ഡിയോളും മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ബത്‌വാര 1947'. 1947-ലെ ഇന്ത്യാ വിഭജന കാലത്തെ പശ്ചാത്തലമാക്കിയ അസ്ഗർ വജഹാത്തിന്റെ പ്രശസ്തമായ നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ സണ്ണി ഡിയോളിനും ഷബാന ആസ്മിക്കൊപ്പം പ്രീതി സിന്റ, കരൺ ഡിയോൾ, അലി ഫസൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആമിർ ഖാൻ നിർമ്മിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും.

ENGLISH SUMMARY:

Veteran actress Shabana Azmi became emotional during the trailer launch of Rajkumar Santoshi's upcoming film Lahore 1947 (referred to as Batwara 1947), recounting a deeply distressing and humiliating scene where a villain drags her and rips her kurta. She expressed feeling utterly helpless and stripped of her self-respect during the shoot, but revealed that co-star Sunny Deol stepped in as her real-life savior by draping a dupatta over her and acting as a protective figure, prompting her to embrace him in gratitude. Director Rajkumar Santoshi praised Azmi for rearranging her busy Hollywood schedule to take on the crucial role of 'Mai', and expressed deep gratitude to producer Aamir Khan, whose backing finally brought the project to life after over 15 years of waiting. Sunny Deol also grew emotional at the event, dedicating the partition-era drama—which marks a three-decade reunion between Santoshi and Deol following classics like Damini—to his mother and all mothers worldwide ahead of its theatrical release on August 14, 2026.