allu-fans

സൂപ്പർ സ്റ്റാറുകൾക്കൊപ്പം എന്നും വൻ ആരാധകക്കൂട്ടം ഉണ്ടാകും. പുതിയ ചിത്രങ്ങളുടെ പബ്ലിസിറ്റിയും സേവനപ്രവർത്തനങ്ങളുമെല്ലാം ഏറ്റെടുക്കുന്നത് ഈ ആരാധകക്കൂട്ടമുൾപ്പെട്ട വെൽഫെയർ അസോസിയേഷനുകളാണ്. താരാരാധനയുടെ ആഴവും പരപ്പും കേരളം വിട്ടാൽ മാറും. കോളിവുഡ്, ടോളിവുഡ്, സാൻഡൽവുഡ് ഇൻഡസ്ട്രികളിലെ ആരാധകർ മലയാളത്തിലേതുപോലെയല്ല. താരങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് അവർ. ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ താരം ഒരു ഭാഗമായിരിക്കും. സ്വന്തം ആരാധകർക്ക് പുല്ലുവില നൽകുന്നവരാണ് ഈ താരങ്ങളെന്ന വിമർശനവും അവിടെ ഉയരാറുണ്ട്. എന്നാൽ തന്റെ ആയിരം ആരാധകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തയ്യാറെടുക്കുകയാണ് അല്ലു അർജുൻ.

ഹൈദരാബാദിൽ ആരാധകർക്ക് മാത്രമായി ഒരുക്കിയ പരിപാടിയിലായിരുന്നു അല്ലുവിന്റെ ഈ പ്രഖ്യാപനം. കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത ആയിരം ആരാധകരാണ് പരിപാടിയിൽ പങ്കെടുത്തത്. ഫോട്ടോ ഷൂട്ടിനപ്പുറം ആരാധകർക്കൊപ്പം നൃത്തം ചെയ്തും സംസാരിച്ചും ഏഴ് മണിക്കൂറാണ് താരം സമയം ചെലവഴിച്ചത്. കരിയറിന്റെ തുടക്കം മുതൽ ഒപ്പമുള്ളവരോടുള്ള ആത്മാർഥമായ നന്ദി അറിയിക്കാനാണ് താരം ഒരു ദിവസം മാറ്റിവച്ചത്. ഇതിന് പിന്നാലെയാണ് പങ്കെടുത്ത എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് താരം പ്രഖ്യാപിച്ചത്.

മുൻപ് പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോ പ്രദർശനത്തിനിടെ നടൻ എത്തുന്നതറിഞ്ഞ് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലേക്ക് വൻ ജനക്കൂട്ടം തടിച്ചുകൂടുകയും ദാരുണമായ തിരക്കിൽപ്പെട്ട് ശ്വാസംമുട്ടി ദിൽസുഖ്‌നഗർ സ്വദേശിയായ രേവതി (35) എന്ന യുവതി മരണത്തിന് കീഴടങ്ങുകയും അപകടസമയത്ത് ഇവരോടൊപ്പമുണ്ടായിരുന്ന ഒൻപത് വയസ്സുകാരനായ മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തന്റെ ആരാധികയുടെ വിയോഗം താരത്തെ കനത്ത വിഷാദത്തിലേക്ക് നയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഇൻഷുറൻസ് നടപടിയെന്നതും ശ്രദ്ധേയമാണ്.

ENGLISH SUMMARY:

Allu Arjun fans insurance is a significant development where the actor is planning to provide insurance coverage to a thousand of his fans. This initiative comes after a tragic incident at a "Pushpa 2" premiere where a fan lost her life and her son was injured, deeply affecting the actor.