അഭിഭാഷകയുടെ സ്വകാര്യദൃശ്യങ്ങള്‍ അവരറിയാതെ പകര്‍ത്തി ഇന്‍റര്‍നെറ്റിലിട്ട കേസില്‍ 48 മണിക്കൂറിനകം ശക്തമായ നടപടിയുണ്ടാകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. ഇന്‍റര്‍നെറ്റിലും വാട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന ഫോട്ടോകളും വിഡിയോകളും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഈമാസം 14നകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കിടേഷ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫമേഷന്‍ ടെക്നോളജി വകുപ്പിനോട് നിര്‍ദേശിച്ചു.
കോളജ് കാലം മുതല്‍ അഭിഭാഷകയുടെ പങ്കാളിയായിരുന്ന ആളാണ് അവരറിയാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയത്. വര്‍ഷങ്ങള്‍ക്കുശേഷം ഈ ഫോട്ടോകളും വിഡിയോകളും പോണ്‍ സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും വാട്സാപ് ഗ്രൂപ്പുകളിലും പ്രചരിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ യുവതി ഏപ്രില്‍ ഒന്നിന് മുന്‍ പങ്കാളിക്കും ഒരു വാട്സാപ് ഗ്രൂപ്പ് അഡ്മിനുമെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തുടര്‍ന്നും സ്വകാര്യദൃശ്യങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ അവര്‍ കേന്ദ്ര ഐടി മന്ത്രാലയത്തില്‍ പരാതി നല്‍കി.
AI genrated representative image
എഐ അധിഷ്ഠിത കണ്ടന്‍റ് ഡിറ്റക്ഷന്‍, ഫോട്ടോ ഡിഎന്‍എ, ഗൂഗിള്‍ കണ്ടന്‍റ് സേഫ്റ്റി ഹാഷ് ചെക്കേഴ്സ് തുടങ്ങിയ സംവിധാനങ്ങള്‍ ഉയോഗിച്ച് സ്വകാര്യദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തി നീക്കം ചെയ്യണമെന്നാണ് യുവതി പരാതിയില്‍ ആവശ്യപ്പെട്ടത്. 2023ല്‍ സമാനമായ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇത്തരൊരു നിര്‍ദേശം ഐടി മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ഐടി വകുപ്പ് നടപടിയെടുത്തില്ലെന്ന് യുവതിയുടെ അഭിഭാഷകന്‍ അബുദുകുമാര്‍ രാജരത്തിനം ചൂണ്ടിക്കാട്ടി.
ഈ സമയത്താണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് യുവതി അനുഭവിക്കുന്ന കടുത്ത മാനസികവ്യഥയില്‍ രോഷവും നിരാശയും പ്രകടമാക്കിയത്. ‘ഈ അഭിഭാഷക എന്‍റെ മകളായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു? പരാതിക്കാരിയെ നേരില്‍ കാണാനും ആശ്വസിപ്പിക്കാനും ആഗ്രഹമുണ്ട്. പക്ഷേ അവരെ കാണുന്നതിന് മുന്‍പ് കരയാതിരിക്കാന്‍ തയാറെടുക്കേണ്ടിവരും.’ ഇരകളാകാന്‍ സാധ്യതയുള്ള മനുഷ്യരെ സംരക്ഷിക്കാന്‍ ഒരു സംവിധാനവും തയാറാക്കാതെയാണ് നമ്മള്‍ ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും പോലുള്ള ഭസ്മാസുരന്മാരെ സൃഷ്ടിക്കുന്നതെന്നും ജസ്റ്റിസ് ആനന്ദ് പറഞ്ഞു.
കേസില്‍ തമിഴ്നാട് ഡിജിപിയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു. ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും നോട്ടിസും അയച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ സംവിധാനത്തിലടക്കം കാതലായ മാറ്റങ്ങള്‍ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ആനന്ദ് പറഞ്ഞു. വിഡിയോകളും ദൃശ്യങ്ങളും നീക്കുന്നത് സംബന്ധിച്ച നടപടികളില്‍ ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തമിഴ്നാട് പൊലീസിന് നിര്‍ദേശം നല്‍കി. ഇത്തരം പരാതികള്‍ വേഗത്തില്‍, ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ബോധവല്‍കരിക്കാനും ഡിജിപിയോട് നിര്‍ദേശിച്ചു.