‘കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു...’ റാംജിറാവു സ്പീക്കിങ്ങിലെ ആശാന്‍റെ ഡയലോഗ്! പക്ഷേ അങ്ങനെ ക്ഷമിക്കാവുന്ന തെറ്റല്ല നാഗ്‌പുരില്‍ പൊലീസ് പോലും പേടിക്കുന്ന അധോലോകസംഘമായ ഇപ്പാ ഗാങ്ങിലെ അര്‍ഷദ് ടോപ്പി സ്വന്തം ആശാനോട് ചെയ്തത്. സംഘത്തലവന്‍റെ 29 വയസുള്ള ഭാര്യയെ പ്രണയിച്ചു. വ്യാഴാഴ്ച രാത്രി ബൈക്കില്‍ അവരുമായി ചുറ്റാനിറങ്ങിയ ടോപ്പിയുടെ കഷ്ടകാലം എത്തിയത് ജെസിബിയുടെ രൂപത്തില്‍. ബൈക്കില്‍ ജെസിബി ഇടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു.
വിവരമറിഞ്ഞ ഇപ്പ ഗാങ് അര്‍ഷദ് ടോപ്പിയെ ചതിയനായി പ്രഖ്യാപിച്ച് സംഘത്തില്‍ നിന്ന് പുറത്താക്കി. സംഘത്തലവന്‍റെ ഭാര്യയെ അര്‍ഷദ് കൊലപ്പെടുത്തിയതാണെന്ന് അവര്‍ ഉറപ്പിച്ചു. ടോപ്പിയെ തീര്‍ക്കാന്‍ ഗൂണ്ടകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. നാഗ്പുരിലെ തെരുവുകളില്‍ ഏതുനിമിഷവും ചോര വീഴാം എന്ന അവസ്ഥ! വെറിപിടിച്ച ഗൂണ്ടകളെ അനുനയിപ്പിക്കാനോ നിയന്ത്രിക്കാനോ ഒരു മാര്‍ഗവും കാണാതെ വലയുകയാണ് നാഗ്പുര്‍ പൊലീസ്. ഇടനിലക്കാര്‍ വഴി ഗൂണ്ടാനേതാവിന്‍റെ അടുപ്പക്കാരെ വരെ പൊലീസ് ബന്ധപ്പെട്ടു. പക്ഷേ പൊള്ളിയത് അഭിമാനമാണല്ലോ. ഒപ്പം നിന്ന് ചതിച്ചാല്‍ ഗൂണ്ടകള്‍ വെറുതെ വിടുമോ...
നാഗ്പുരിലെ എന്നല്ല മഹാരാഷ്ട്രയിലെ തന്നെ കുപ്രസിദ്ധമായ ഗൂണ്ടാസംഘമാണ് ഇപ്പാ ഗാങ്. കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര ഇതാണ് ആപ്തവാക്യം. പൈശാചികമായ കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധരായ സംഘത്തിലെ പ്രധാനികളിലൊരാളാണ് അര്‍ഷാദ് ടോപ്പി. ഇപ്പാ ഗാങ്ങിന്‍റെ തലവനോട് ഏറ്റവും അടുപ്പമുള്ള കൂട്ടത്തില്‍പ്പെട്ടയാള്‍. ഈ അടുപ്പമാണ് കുടുംബാംഗങ്ങളുമായി അടുക്കാനും ടോപ്പിക്ക് സഹായകമായത്. അത് ഡോണിന്‍റെ ഭാര്യയോടുള്ള പ്രണയമായി. സംശയം തോന്നിയ തലവന്‍ കുടുംബത്തോടുള്ള അടുപ്പം കര്‍ശനമായി വിലക്കുകയും ചെയ്തു. എന്നാല്‍ അതെല്ലാം അവഗണിച്ച് പ്രണയിനിയെ കാണാനുള്ള ടോപ്പിയുടെ തീരുമാനമാണ് എല്ലാം അവതാളത്തിലാക്കിയത്.
ഇരുവരും വ്യാഴാഴ്ച രാത്രി രഹസ്യമായി കാണാന്‍ തീരുമാനിച്ചു. ആരും കാണാതെ വീടിനുപുറത്തിറങ്ങിയ യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. സുരാദേവി ക്ഷേത്രത്തിനുസമീപത്തുകൂടി ബൈക്കില്‍ പോകുമ്പോഴായിരുന്നു എല്ലാം തകര്‍ത്ത ജെസിബിയുടെ വരവ്. അപകടത്തില്‍ യുവതിക്ക് ഗുരുതര പരുക്കേറ്റു. റോഡില്‍ കിടന്ന യുവതിയെ അതുവഴി വന്ന കോറാഡി തെര്‍മല്‍ പവര്‍ പ്ലാന്‍റിലെ പട്രോള്‍ വാഹനത്തില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ അവര്‍ അഡ്മിറ്റ് ചെയ്തില്ല. അവിടെ നിന്ന് കാംതീയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവരും കൈമലര്‍ത്തി. ഇതോടെ അര്‍ഷാദ് ഒരു ആംബുലന്‍സുമായെത്തി. ഡ്രൈവര്‍ക്ക് പണം നല്‍കി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. യുവതിയെ അഡ്മിറ്റ് ചെയ്തുവെന്നുറപ്പായതോടെ ടോപ്പി സ്ഥലം വിട്ടു. എന്നാല്‍ രാവിലെ യുവതി മരിച്ചു.
അപകടവിവരമറിഞ്ഞപ്പോള്‍ മുതല്‍ ഇപ്പ ഗാങ് അര്‍ഷാദിന്‍റെ ചോരയ്ക്കായി മുറവിളി തുടങ്ങി. അപകടമല്ല, യുവതിയെ അര്‍ഷാദ് കൊലപ്പെടുത്തിയെന്നാണ് സംഘത്തലവനടക്കം പറയുന്നത്. വര്‍ഷങ്ങളായി കുറ്റകൃത്യങ്ങളില്‍ ഒരുമെയ്യായി നിന്ന കൂട്ടാളിയുടെ ചോരയ്ക്കായി നാല്‍പ്പതോളം ഗൂണ്ടകളാണ് നാഗ്പുരിന്‍റെ മുക്കിലും മൂലയിലും തിരയുന്നത്. ഇതോടെ അര്‍ഷാദ് സോണല്‍ ഡിസിപി നികേതന്‍ കദമിന്‍റെ ഓഫിസിലെത്തി അഭയം തേടി. ഇപ്പ ഗാങ്ങിന്‍റെ ചരിത്രമറിയാവുന്ന കദം ഇര്‍ഷാദിനെ കോറാഡി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. അവിടെവച്ച് അയാളുടെ മൊഴി രേഖപ്പെടുത്തി.
അപകടത്തില്‍ ദുരൂഹതയില്ലെന്നും യുവതിയെ കൊലപ്പെടുത്തിയതല്ലെന്നുമെല്ലാം ഇടനിലക്കാര്‍ വഴി ഇപ്പാ ഗാങ്ങിനെ അറിയിക്കാനും പൊലീസ് ശ്രമിച്ചു. തെരുവുകളില്‍ ചോരപ്പുഴ ഒഴുകുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഇതെല്ലാം. രാത്രിവരെ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന അര്‍ഷാദ് ഔദ്യോഗികമായി പരാതി നല്‍കാന്‍ തയാറായില്ല. അര്‍ധരാത്രിക്കുശേഷം സ്ഥലം വിട്ടെന്ന് പൊലീസുകാര്‍ പറയുന്നു. പിന്നീട് അയാളെ കണ്ടവരില്ല. പക്ഷേ ഇപ്പാ ഗാങ് നാഗ്പുരിന് പുറത്തും ഇയാളെ തേടി ഇറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്‍റെ മുക്കിലും മൂലയിലും കണ്ണും കാതും തുറന്ന് പൊലീസുമുണ്ട്. എന്താകുമെന്ന് അവര്‍ക്കും ഊഹമില്ല.