റീല്‍സ് എടുക്കണം വൈറലാകണം, ചെയ്ത പണിയാകട്ടെ ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് റീല്‍സ് എടുപ്പും. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികൾ റീൽസ് ചിത്രീകരിച്ചത്. വിഡിയോ വൈറലായതോടെ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് 'ടാസ്‌ക്' പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വിഡിയോയില്‍ കാണാനാവുന്നത്.
വിഡിയോ വൈറലായതോടെ കുട്ടികളുടെ അതിരുകടന്ന സാഹസത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു. ഇതോടെയാണ് പൊലീസ് കുട്ടികളെകസ്റ്റഡിയിലെടുത്തത്. റെയിൽപാളത്തിൽ ഇത്തരം സാഹസികതകൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നത് നടപടിക്ക് ഇടയാക്കുമെന്നും റെയിൽവേ അധികൃതരും മുന്നറിയിപ്പ് നൽകി. ഇതിന് മുമ്പും ഇത്തരത്തിൽ കടന്നുപോകുന്ന ട്രെയിനിന്‍റെ വാതിലിൽ അപകടകരമായി യാത്രെചെയ്തും ട്രെയിനിന് മുകളിൽക്കയറിയും സെൽഫിയെടുക്കാനും റീലുകൾ ചിത്രീകരിക്കാനും ശ്രമിച്ചതിനെ തുടർന്ന് നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു.