Tibetan spiritual leader the Dalai Lama speaks at an event celebrating his 90th birthday according to a Tibetan calendar in Dharamshala, India, Monday, June 30, 2025, ahead of his birthday according to the Gregorian calendar on July 6. (AP Photo/Ashwini Bhatia)
അടുത്ത ലാമ തന്‍റെ മരണശേഷമാകും പിറവി കൊള്ളുകയെന്ന് തിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ. 90–ാം പിറന്നാളിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ലാമ ഇക്കാര്യമറിയിച്ചത്. ലാമയെ തീരുമാനിക്കുന്നതില്‍ ചൈനയ്ക്കെന്നല്ല മറ്റാര്‍ക്കും പങ്കില്ലെന്നും ആരും ഇടപെടാന്‍ ഒരുങ്ങേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ അനുയായികള്‍ തിബറ്റന്‍ ബുദ്ധ പാരമ്പര്യം തുടര്‍ന്നുപോരുന്നവരില്‍ നിന്നും ലാമയ്ക്കായുള്ള അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാമെന്നും പാരമ്പര്യം മുറുകെ പിടിച്ചുതന്നെയാകും തീരുമാനം പുറത്തുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാമയുടെ പിന്തുടര്‍ച്ച ഉണ്ടാകുമെന്നും അതില്‍ സംശയം വേണ്ടെന്നും പ്രസ്താവന വിശദീകരിക്കുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഇക്കാര്യത്തില്‍ ലാമ മൗനം പാലിക്കുകയായിരുന്നു.
Image Credit: AFP
പലായനത്തിലുള്ള തിബറ്റന്‍ പാര്‍ലമെന്‍റ്, സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍, എന്‍ജിഒകള്‍, ഹിമാലയം, മംഗോളിയ, റഷ്യന്‍ ഫെഡറേഷനിലെ ബുദ്ധിസ്റ്റ് റിപ്പബ്ലിക്കുകള്‍, ചൈന, ഏഷ്യയിലെ മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ബുദ്ധിസ്റ്റുകള്‍ ലാമ പാരമ്പര്യം തുടരണമെന്ന് അഭ്യര്‍ഥിക്കുകയും അതേക്കുറിച്ച് ദലൈലാമ അഭിപ്രായം വ്യക്തമാക്കണമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ലാമയുടെ പ്രസ്താവന.
ലാമയെ തിരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും സംബന്ധിച്ച് ഗാഡെന്‍ ഫൊദ്രാങ് ട്രസ്റ്റിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ആറിനാണ് ദലൈലാമയ്ക്ക് 90 വയസ് തികയുന്നത്. ധരംശാലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഇതോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ദലൈലാമ ടിബറ്റ് ജനതയുടെ പ്രതിനിധിയല്ലെന്നും പുതിയ ലാമയെ തങ്ങള്‍ തീരുമാനിക്കുമെന്നുമുള്ള ചൈനയുടെ പ്രസ്താവനയ്ക്കിടെയാണ് ദലൈലാമ നയം വ്യക്തമാക്കിയത്. ടിബറ്റും തയ്‌വാനും ചൈനയുടെ ഭാഗമാണെന്ന് ദലൈലാമ അംഗീകരിക്കണമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ആവശ്യം.
കര്‍ഷക കുടുംബത്തിലെ ബാലന്‍ ദലൈലാമ ആയ കഥ
14–ാമത് ദലൈലാമയായ ഖാമോ ധാന്‍ദുപ് 1935 ജൂലൈ 6നാണ് ജനിച്ചത്. ദലൈലാമ പതിമൂന്നാമൻ മരണമടഞ്ഞപ്പോൾ ഭൗതിക ശരീരം തെക്കുവശത്തേക്ക് മുഖം തിരിച്ചു വച്ചു. എന്നാല്‍ മുഖം കിഴക്കോട്ട് തിരിഞ്ഞുവെന്നാണ് ഐതീഹ്യം. ഇതനുസരിച്ച് കിഴക്കേ ദിക്കിലേക്ക് ലാമയെത്തേടി സന്യാസിവര്യന്‍മാര്‍ യാത്ര ആരംഭിച്ചു. ആ യാത്ര ചെന്നു നിന്നത് ധാന്‍ദുപിന്‍റെ വീടിന് മുന്‍പിലാണ്. മാതാപിതാക്കള്‍ക്ക് അറിവില്ലാത്ത ലാസന്‍ ഭാഷയടക്കം സംസാരിക്കുന്ന ആ നാലുവയസുകാരന്‍ അദ്ഭുത ബാലനെ അവര്‍ പൊടാല കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ട് പോരുകയായിരുന്നു.
ചൈനയുടെ ടിബറ്റ് ആക്രമണത്തെത്തുടർന്ന് 1959 മാർച്ച് 17–ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമ ഹിമാചലിലെ ധർമശാല ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. സമാധാന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ദലൈലാമയ്ക്ക് 1989 ല്‍ നൊബേല്‍ സമ്മാനം ലഭിച്ചു. മൈ ലാന്‍ഡ് മൈ പീപ്പിള്‍, ഫ്രീഡം ഇന്‍ എക്സൈല്‍, വോയിസ് ഓഫ് ദ് വോയിസ്ലെസ് എന്നിവയും ലാമ രചിച്ചു.