Image: India Today
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനായി ബംഗാളിലേക്ക് പറന്നുവന്നതാണ് ആംസ്റ്റെര്‍ഡാമില്‍ നിന്നും ഹെന്‍റിക്ക്സ്. ഏറെ ആഗ്രഹത്തോടെ വന്ന താന്‍ ബംഗാള്‍ പൊലീസിന്റെ പിടിയിലാകുമെന്ന് ഹെന്‍റിക്ക്സ് കരുതിയിരുന്നില്ല, ഇവിടെ വന്നപ്പോഴാണ് അറിയുന്നത് പെണ്‍സുഹൃത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയാണെന്ന്. ആകെ പെട്ടു, ഹെന്‍റിക്ക്സ് മാത്രമല്ല ബംഗാള്‍ പൊലീസും.
സ്കൂള്‍ പരിസരത്തുകൂടി മണിക്കൂറുകളോളം ചുറ്റിക്കറങ്ങുന്ന നെഥര്‍ലന്‍ഡുകാരനെക്കുറിച്ച് പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ നാദിയപൊലീസ് സ്ഥലത്തെത്തി ഹെന്‍റിക്ക്സിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം പൊലീസിനു മനസിലാകുന്നത്. ഓണ്‍ലൈനിലൂടെ ബംഗാളി പെണ്‍കുട്ടിയുമായി സംസാരിച്ചു, സൗഹൃദമായി, പ്രണയമായി, പിന്നെ ഒന്നും നോക്കിയില്ല അടുത്ത ഫ്ലൈറ്റിനു സുഹൃത്തിനെ കാണാനായി ഇന്ത്യയിലേക്ക് പറന്നു, പക്ഷേ ഇവിടെയെത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമാകുന്നത്.
ആറ് മണിക്കൂറോളം നാദിയ മേഖലയില്‍ ഹെന്‍റിക്ക്സ് കറങ്ങി നടന്നു. നാട്ടുകാര്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ച് തന്നെ അപമാനിച്ചെന്ന് ഹെന്‍റിക്ക്സ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീടാണ് നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയത്. 37കാരനായ ഹെന്‍റിക്ക്സ് ആംസ്റ്റെര്‍ഡാമില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ ശേഷം റോഡുമാര്‍ഗം നാദിയ ജില്ലയിലെത്തുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ 11.30യോടെയാണ് ഇയാള്‍ തെഹാട്ടയിലെ ഹൈസ്ക്കൂള്‍ പരിസരത്തെത്തിയത്. പെണ്‍കുട്ടിയുടെ കൃത്യമായ അഡ്രസോ വിവരങ്ങളോ ഒന്നുമില്ലാതെ സ്കൂള്‍ പരിസരത്ത് മണിക്കൂറുകള്‍ നിന്നതാണ് പരിസരവാസികളെ സംശയത്തിലാക്കിയത്.
വിദേശികളെന്നല്ല സ്വദേശികളെ പോലും അത്രമാത്രം കാണാനില്ലാത്ത മേഖലയാണ് തെഹാട്ട. ഇതാണ് നാട്ടുകാര്‍ക്കും സംശയത്തിനിടയാക്കിയത്. ഹെന്‍റിക്കിന്റെ യാത്രരേഖകളെല്ലാം പൊലീസ് പരിശോധിച്ചു. വീസയും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും പെണ്‍കുട്ടിയുമായി സംസാരിച്ച അക്കൗണ്ടുമുള്‍പ്പെടെ ഇയാള്‍ പൊലീസിനു തെളിവുകളായി നല്‍കി. താന്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും വന്നതല്ലെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു രേഖകളെല്ലാം പൊലീസിനു നല്‍കിയതെന്നും ഇയാള്‍ പറയുന്നു.
മോശം പെരുമാറ്റമോ പ്രവൃത്തിയോ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നും ഒരു വിദേശപൗരന് നല്‍കേണ്ട പരിഗണനകളോടും ബഹുമാനത്തോടും കൂടി തന്നെ അദ്ദേഹത്തെ തിരിച്ചയച്ചുവെന്നും തെഹാട്ട പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാന്‍ പിതാവ് അനുവദിക്കാത്തതിനെത്തുടര്‍ന്ന് ആവശ്യം നിറവേറ്റാതെയാണ് ഹെന്‍റിക്ക്സ് യാത്രയായത്.
അതേസമയം ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരവില്ലെന്നും വളരെ മോശമായാണ് പരിസരവാസികള്‍ തന്നോട് പെരുമാറിയതെന്നും അല്‍പം കരുണയോ ബഹുമാനമോ ഇല്ലാതെ തന്നെ അപമാനിച്ചെന്നും ഹെന്‍റിക്ക്സ് പറയുന്നു. ഈ രീതിയിലാണ് ഇന്ത്യക്കാര്‍ വിദേശികളോട് പെരുമാറുന്നതെങ്കില്‍ മികച്ച ഭാവി ഉണ്ടാകുമെന്ന് കൂടി പരിഹാസരൂപേണ പറഞ്ഞാണ് ഹെന്‍ററിക്ക്സ് തിരിച്ചുപോയത്.