TOPICS COVERED

മുംബൈയിൽ കാൻസർ ബാധിതയായ മുത്തശ്ശിയെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച കൊച്ചു മകനും ബന്ധുവും പിടിയിൽ. കൊച്ചുമകൻ സാഗർ ഷെവാളെ, അമ്മാവന്‍ ബാബാസാഹേബ് ഗെയ്ക്‌വാദ് എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസം മുമ്പാണ് ആരേ കോളനിയിലെ മാലിന്യങ്ങൾക്കിടയിൽ യശോദ ഗെയ്ക്‌വാദ് എന്ന അറുപതുകാരിയെ അവശനിലയിൽ കണ്ടെത്തിയത്. രോഗബാധിതയായ മുത്തശ്ശി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നാണ് പ്രതി പൊലീസിനെ ധരിപ്പിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായി. 

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് അറുപത് വയസുകാരിയായ യശോദ ഗെയ്‌ക്‌വാദ് എന്ന സ്ത്രീയെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പേരക്കുട്ടിയാണ് തന്നെ ഇവിടെ ഉപേക്ഷിച്ചതെന്ന് അന്നുതന്നെ യശോദ പൊലീസിനോട് പറഞ്ഞിരുന്നു. മുഖത്തടക്കം ഗുരുതരമായ മുറിവുകളും അണുബാധയും ഉണ്ടായിരുന്നു. യശോദയുടെ മൂക്കിലും കവിളിലും അള്‍സര്‍ ബാധയുടെ വളര്‍ച്ചയുണ്ടായിരുന്നു. ബേസൽ സെൽ കാർസിനോമ ആകാമെന്നാണ് പ്രാഥമിക നിഗമനം. 

സംഭവവുമായി ബന്ധപ്പെട്ട് യശോദയുടെ കൊച്ചുമകന്‍ സാഗര്‍ ഷെവാളെയും അമ്മാവന്‍ ബാബാസാഹേബുമാണ് പിടിയിലായത്. മുത്തശ്ശി തനിയെ വീടുവിട്ടു പോയതാണെന്നായിരുന്നു കൊച്ചുമകന്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നും അങ്ങനെയല്ലെന്ന് വ്യക്തമാവുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍വച്ച് യശോദ ഗെയ്ക്‌വാദ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്നും കൊച്ചുമകനെ ആക്രമിക്കാന്‍ നോക്കിയെന്നും പൊലീസ് പറയുന്നു. പിന്നാലെ ഇവരെ കുടുംബം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ സൗകര്യമില്ലെന്നു കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചെന്നും പിന്നീട് കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ലളിതമായ ചികിത്സ മാത്രം നല്‍കി പറഞ്ഞുവിട്ടെന്നും പിന്നീടാണ് വഴിയില്‍ ഉപേക്ഷിച്ചതെന്നും കൊച്ചുമകന്‍ പറയുന്നു. 

ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 125 ഉള്‍പ്പെടെ ചുമത്തി ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ സ്വമേധയാ ഇടപെട്ട കേസായിരുന്നു ഇത്. യശോദയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജ്യവ്യാപകമായി തന്നെ വലിയ വാര്‍ത്തയായി ഇത് മാറുകയായിരുന്നു. ഇപ്പോള്‍ കൂപ്പര്‍ ആശുപത്രിയില്‍ കഴിയുന്ന യശോദയ്ക്ക് നാഗ്പൂര്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ചികിത്സ നല്‍കാമെന്നേറ്റിട്ടുണ്ട്.  

ENGLISH SUMMARY:

Grandson and relative arrested for abandoning cancer-stricken grandmother in garbage dump in Mumbai. The arrested are grandson Sagar Shewale and his uncle Babasaheb Gaikwad. Two days ago, 60-year-old Yashoda Gaikwad was found in a debilitated state amid garbage in the Aarey Colony area. The accused had told the police that the ailing grandmother had left the house on her own. CCTV footage proved crucial in the case.