എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു സ്ഥിരം ദാതാവ് ദാനംചെയ്ത ബീജത്തില്‍ കാന്‍സര്‍ ജീന്‍ ഒളിഞ്ഞിരിക്കുന്നെന്നും അത് അദ്ദേഹത്തിന്‍റെ ബീജത്തില്‍ നിന്നും ജനിച്ച കുട്ടികളില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനകം ഈ പുരുഷന്‍റെ കാന്‍സര്‍ ജീനുള്ള ബീജം 14 രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. അതിൽ നിന്ന് കുറഞ്ഞത് 197 കുട്ടികളെങ്കിലും ജനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബീജദാനത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും ചൂടേറിയ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇന്നാകട്ടെ വെറും ‘ദാനമല്ല’ മറിച്ച് പല രാജ്യത്തും നല്ല പ്രതിഫലം ലഭിക്കുന്ന ജോലിയാണ് ബീജദാനം.
ബീജദാനം എന്ന വ്യവസായം
ഇന്ന് വെറും ‘ദാനമല്ല’ ഇത്. ഒരു വലിയ വ്യവസായമാണ്. 2033 ആകുമ്പോഴേക്കും യൂറോപ്പിലെ ബീജദാന വ്യവസായം 200 കോടി രൂപയോളം മൂല്യമുള്ള ബിസിനസ് സാമ്രാജ്യമായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ തന്നെ ബീജത്തിന്റെ പ്രധാന കയറ്റുമതിക്കാര്‍ ഡെന്‍മാര്‍ക്കാണ്. ഡാനിഷ് അല്ലെങ്കിൽ ‘വൈക്കിങ് ബീജം’ എന്നാണ് ഡെന്‍മാര്‍ക്കിലെ പുരുഷന്‍മാരില്‍ നിന്നുള്ള ബീജം അറിയപ്പെടുന്നത് തന്നെ, ഈ സാംപിളുകള്‍ക്ക് വിലയും കൂടുതലാണ്. ജീനുകളിലെ ‘നീലക്കണ്ണുള്ളതും സ്വർണ്ണത്തലമുടിയുള്ളതുമായ’ സ്വഭാവങ്ങളാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
മാത്രമല്ല ചില പുരുഷന്മാരുടെ ബീജങ്ങൾ മറ്റുള്ളവരേക്കാള്‍ ജനപ്രിയവുമാണ്. ചില ബീജ ബാങ്കുകള്‍ സ്വഭാവ സവിശേഷതകള്‍ ദാതാവിനെ തിരഞ്ഞെടുക്കാന്‍ സ്വീകര്‍ത്താക്കള്‍ക്ക് അവസരം ഒരുക്കുകയും ചെയ്യും. ദാതാക്കളുടെ ചിത്രം, ശബ്ദം, ജോലി, ഉയരം, ഭാരം, മുടിയുടെ സവിശേഷത, ഫിസിക്കല്‍ ഫിറ്റനസ് എന്നിങ്ങനെ തുടങ്ങി ദാതാവ് എത്ര ഭാഷ സംസാരിക്കും എന്നത് വരെ അടിസ്ഥാനമാക്കി ബീജം തിരഞ്ഞെടുക്കാന്‍ ഈ ബാങ്കുകള്‍ അവസരമൊരുക്കുന്നു.
നൂറോളം കുട്ടികളുണ്ടാകുന്ന പുരുഷന്‍മാര്‍
എന്നാല്‍ ലോകത്തെ മിക്ക പുരുഷന്മാരുടെയും ബീജങ്ങളുടെ ഗുണനിലവാരം വേണ്ടത്ര തൃപ്തികരമല്ല. ബീജം ശേഖരിക്കുന്നതിന് മാനദണ്ഡങ്ങളുമുണ്ട്. ഒരു പുരുഷന് ആവശ്യത്തിന് ബീജം ഉത്പാദിപ്പിക്കാന്‍ സാധിക്കണം, ബീജത്തിന് മികച്ച ചലനശേഷി ഉണ്ടായിരിക്കണം, ബീജത്തിന്‍റെ ആകൃതി– രൂപഘടന എന്നിവയും പരിശോധിക്കും. ഫ്രീസ് ചെയ്ത് സൂക്ഷിച്ചാലും അവയ്ക്ക് അതിജീവിക്കാന്‍ സാധിക്കണം. നിലവില്‍ കുട്ടികളുള്ള ഒരാള്‍ പോലും ചിലപ്പോള്‍ ബീജദാനത്തിന് അനുയോജ്യനായിരിക്കില്ല. അതായത്, ബീജദാതാക്കളാകുന്ന ആളുകളുടെ എണ്ണം വളരെ കുറവാണെന്ന് അര്‍ഥം. ഇതു തന്നെയാണ് ബീജത്തെ ‘വിലയേറിയ വസ്തുവാക്കി’ മാറ്റുന്നത്. ദാതാക്കളുടെ ക്ഷാമം കാരണം പലയിടങ്ങളിലും ഒരു ബീജ ദാതാവിനെ പരമാവധി ഉപയോഗപ്പെടുത്താറുണ്ട്.
നിയന്ത്രണം ആവശ്യമോ?
കാന്‍സര്‍ ജീന്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയ ദാതാവ്, ബീജം നല്‍കിയത് ഡെൻമാർക്കിലെ ബീജ ബാങ്കിലാണ്. പിന്നീട് 14 രാജ്യങ്ങളിലായി 67 ഫെർട്ടിലിറ്റി ക്ലിനിക്കുകളിലേക്ക് അത് അയക്കുകയായിരുന്നു. ഒരു പുരുഷന്റെ ബീജം എത്ര തവണ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് ഓരോ രാജ്യങ്ങള്‍ക്കുമുള്ള നിബന്ധനകള്‍ വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ ഇത് ജനിക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും മറ്റുചിലയിടങ്ങളില്‍ ബീജം സ്വീകരിക്കുന്ന സ്ത്രീകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. അതേസമയം, ഇറ്റലി, സ്പെയിന്‍, നെതർലൻഡ്‌സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളില്‍ ഒരേ ദാതാവിന്റെ ബീജം ഉപയോഗിക്കുന്നത് തടയാൻ നിയന്ത്രണങ്ങളൊന്നുമില്ല. ഇത് ഒരു ബീജദാതാവിന് ധാരാളം കുട്ടികൾക്ക് ജന്മം നൽകാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
ബീജം ഉപയോഗിക്കുന്നതിന് നിയന്ത്രണം വേണമെന്ന് പറയുന്നവരുടെ പ്രധാന വാദം, പരസ്പരം ബന്ധമുള്ളവരാണെന്ന് അറിയാത്ത അർദ്ധസഹോദരങ്ങൾ കണ്ടുമുട്ടുന്നത് തടയുക എന്നതായിരുന്നു. ഇത്തരത്തില്‍ കണ്ടുമുട്ടുന്ന അർദ്ധസഹോദരങ്ങൾ ചിലപ്പോള്‍ സന്തോഷിച്ചേക്കാം അല്ലെങ്കില്‍ അത് മാനസിക നിലയെ പ്രതികൂലമായി ബാധിച്ചേക്കാം. ഡിഎൻഎ പരിശോധനകളും സോഷ്യൽ മീഡിയകളും ഈ കണ്ടുമുട്ടലിനുള്ള സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദാതാക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി അവരുടെ ബീജം വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് പലപ്പോഴും അവർക്കും അറിയില്ല. അവര്‍ എത്ര കുട്ടികളുടെ ജീവശാസ്ത്രപരമായ പിതാവാണെന്നും അറിയില്ല.
ഡെന്‍മാര്‍ക്കിലെ ബീജദാതാവിന് കാൻസറിന് കാരണമായ ജീൻ ഉണ്ടെന്നും അത് കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം എന്നുമുള്ള കണ്ടെത്തല്‍ ബീജ ദാനത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ഒരാളുടെ തന്നെ ബീജം വ്യാപകമായി ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വലുതാണെന്നും അതില്‍ ധാര്‍മ്മികതയുടെ ചോദ്യം ഉയരുന്നുണ്ടെന്നുമാണ് ലങ്കാസ്റ്റർ സർവകലാശാലയിലെ മെഡിക്കൽ എത്തിക്സിസ്റ്റ് ഡോ. ജോൺ ആപ്പിൾബി ബിബിസിയോട് പറഞ്ഞത്. അതേസമയം ബീജദാനത്തില്‍ ആഗോള നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും ബീജദാതാക്കളുടെ ആഗോള രജിസ്റ്റര്‍ നിര്‍മ്മിക്കുന്നതിന് ധാർമ്മികവും നിയമപരവുമായ ധാരാളം വെല്ലുവിളികളുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്താണ് ബീജദാനം?
ഗർഭം ധരിക്കാൻ സാധിക്കാത്ത സ്ത്രീകളെ സ്വാഭാവികമായി ഗർഭം ധരിക്കാൻ സഹായിക്കുന്നതിനാണ് പുരുഷൻ സ്വമേധയാ ബീജം ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ ദാനം ചെയ്ത ബീജം കൃത്രിമ ബീജസങ്കലനത്തിലൂടെയോ ഇൻവിട്രോ ഫെർട്ടിലൈസേഷൻ പോലുള്ള പ്രത്യുൽപാദന ചികിത്സകളിലൂടെയോ ആണ് ഉപയോഗിക്കുന്നത്. വന്ധ്യതാ പ്രശ്നങ്ങളുള്ള പുരുഷ പങ്കാളികളുള്ള സ്ത്രീകള്‍, കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍, സ്വവർഗ പങ്കാളികള്‍ എന്നിവരാണ് പ്രധാനമായും ബീജദാനത്തിന്‍റെ ഉപയോക്താക്കള്‍.
എന്നാല്‍ ആര്‍ക്കും ബീജദാനം നടത്താന്‍ സാധിക്കില്ല. ദാതാക്കളുടെ ബീജത്തെ കർശനമായ മെഡിക്കൽ, ജനിതക പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമേ ബീജം ഉപയോഗിക്കുകയുള്ളൂ. അതേസമയം, ഓരോ രാജ്യങ്ങളിലും ബീജദാനത്തിനുള്ള നിയമങ്ങളും വ്യത്യസ്തമാണ്. ദാതാവ് എച്ച്ഐവി, ഗൊണോറിയ തുടങ്ങിയ അണുബാധകളിൽ നിന്ന് മുക്തരായിരിക്കുകയും സിസ്റ്റിക് ഫൈബ്രോസിസ്, സ്പൈനൽ മസ്കുലർ അട്രോഫി, സിക്കിൾ സെൽ ഡിസീസ് തുടങ്ങിയ ജനിതക മ്യൂട്ടേഷനുകളുള്ള ജീനുകളുടെ വാഹകരും ആയിരിക്കരുത്. മിക്ക ബീജദാനങ്ങളിലും സ്വീകർത്താവും ദാതാവും പരസ്പരം അജ്ഞാതരായിരിക്കും. ദാതാവ് ജീവശാസ്ത്രപരമായ പിതാവാണെങ്കിലും കുട്ടിക്ക് മേല്‍ നിയമപരമായ സാമൂഹിക പരമായോ അവകാശങ്ങള്‍ ഉണ്ടായിരിക്കില്ല.