രുചികരവും പോഷകസമ്പുഷ്ടവുമായ പഴങ്ങളില്‍ ഒന്നാണ് പപ്പായ. നമ്മുടെ വീട്ടുമുറ്റത്ത് നമ്മള്‍ പോലും മൈന്റ് ചെയ്യാതിരിക്കുന്ന സുലഭമായി ലഭിക്കുന്ന ഒന്ന്. ഇത് ആള്‍ ചിലറക്കാരനല്ല, ഇതിനുണ്ട് ഗുണങ്ങള്‍ അനേകം. ചര്‍മത്തിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്. കൂടാതെ, വെറും വയറ്റില്‍ പപ്പായ ജ്യൂസ് കഴിച്ചാലുള്ള ഗുണങ്ങളും ഏറെയാണ്. പപ്പായയുടെ ഉൾഭാഗത്തെ മാംസളമായ ഭാഗം നാം കഴിക്കുമെങ്കിലും അതിനുള്ളിലെ കുരുവിന്റെ സ്ഥാനം അധികവും ചവറ്റുകുട്ടയിലാണ്. പപ്പായക്കുരു അനേകം പോഷകങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണെന്നാണ് ആധുനിക പഠനങ്ങൾ പറയുന്നത്. 

പപ്പായക്കുരുവില്‍ നിന്നെടുത്ത സത്ത്‌ ഇ.കോളി, സാല്‍മണെല്ല, സ്‌റ്റഫിലോകോക്കസ്‌ തുടങ്ങിയ ഹാനീകരങ്ങളായ ബാക്ടീരിയയെ നശിപ്പിക്കുമെന്ന്‌ ലാബ്‌ പഠനങ്ങള്‍ തെളിയിക്കുന്നു. പപ്പായക്കുരുവിലുള്ള ബെന്‍സൈല്‍ ഐസോതിയോസയനേറ്റ്‌ സംയുക്തമാണ്‌ ഈ ആന്റി ബാക്ടീരിയല്‍ ശേഷി നല്‍കുന്നത്‌. അതുപോലെ, ഉണക്കിയ പപ്പായക്കുരുക്കള്‍ തേനില്‍ ചാലിച്ച്‌ കഴിക്കുന്നത്‌ കുടലിലെ പരാന്നജീവികളെ നശിപ്പിക്കാനും സഹായിക്കും. 

വൈറ്റമിന്‍ സി പോലെ ആന്റി ഓക്‌സിഡന്റ്‌ ഗുണങ്ങളും പപ്പായക്കുരുവിലുണ്ട്. ദഹനാരോഗ്യത്തിനും വളരെ നല്ലത്‌. പപ്പൈയ്‌ന്‍ പോലുള്ള രസങ്ങള്‍ അടങ്ങിയ പപ്പായക്കുരു പ്രോട്ടീനെ വിഘടിപ്പിക്കാന്‍ സഹായിക്കും. അതുപോലെ, അമീബയ്‌ക്കെതിരെയും പപ്പായക്കുരുവിന്റെ സത്ത്‌ പ്രവര്‍ത്തിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ, കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും സ്വാധീനിക്കും. ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ പഞ്ചസാരയുടെ തോത്‌ എന്നിവ കുറയ്‌ക്കാന്‍ പപ്പായ വിത്തിന്‌ സാധിക്കുമെന്ന്‌ എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പപ്പായക്കുരുക്കളിൽ അടങ്ങിയിരിക്കുന്ന ഐസോത്തിയോസയനേറ്റ് പോലുള്ള ഘടകങ്ങൾ അർബുദ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവ തടയുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്.

ഇത്രയും ഗുണങ്ങളൊക്കെയുണ്ടെങ്കിലും, എന്തും അമിതമായാല്‍ ദോഷകരമാണ്. പപ്പായക്കുരുക്കൾ വലിയ അളവിൽ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഗർഭിണികൾ പപ്പായക്കുരുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇതിലെ ചില ഘടകങ്ങൾ ഗർഭാവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും വിട്ടുമാറാത്ത രോഗമുള്ളവർ ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

ENGLISH SUMMARY:

Papaya seeds are packed with nutrients and health benefits. Papaya seeds can help with digestion and may even help fight cancer cells.