സ്വത്തിനുവേണ്ടി മക്കളില്‍ നിന്ന് സമ്മര്‍ദമായതോടെ ആധാരം ക്ഷേത്ര ഭണ്ഡാരത്തില്‍ സമര്‍പ്പിച്ച് വിമുക്ത ഭടന്‍. തമിഴ്‌നാട്ടിലെ രേണുഗാംബാൽ അമ്മൻ ക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ രണ്ട് മാസത്തിലൊരിക്കൽ എണ്ണിത്തിട്ടപ്പെടുത്തുന്ന പതിവുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അത്തരം പതിവ് പരിശോധനയിൽ, ക്ഷേത്രത്തിലെ 11 ഭണ്ഡാരങ്ങളില്‍ ഒന്നിനുള്ളിൽ നാല് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകൾ കണ്ടെത്തിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വത്ത് സംഭാവന ചെയ്തയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ എസ് വിജയൻ ആണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ വേണ്ടി അദ്ദേഹത്തിന്റെ പെൺമക്കൾ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമുക്തഭടനായ വിജയൻ കുട്ടിക്കാലം മുതൽ തന്നെ ഈ ക്ഷേത്രത്തിൽ ആരാധന നടത്തിവരുന്നുണ്ട്. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പത്ത് വർഷത്തോളമായി അദ്ദേഹം ഒറ്റയ്ക്കാണ് താമസിക്കുന്നത്. വിവാഹിതരായ രണ്ട് പെണ്‍മക്കളാണ് ഇദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും പെൺമക്കൾ സ്വത്തുക്കൾ അവർക്ക് കൈമാറാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി.
ദൈനംദിന ചെലവുകളുട പേര് പറഞ്ഞുപോലും കുട്ടികള്‍ തന്നെ അപമാനിക്കാറുണ്ടായിരുന്നെന്ന് വിജയന്‍ വ്യക്തമാക്കി. ക്ഷേത്ര ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം സ്വത്തുക്കൾ നിയമപരമായി ക്ഷേത്രത്തിന് തന്നെ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിൽ സമർപ്പിച്ച രേഖകളിൽ ശ്രീകോവിലിനടുത്തുള്ള 10 സെന്റ് സ്ഥലത്തിന്റെയും ഒരു നില വീടിന്റെയും രേഖകളുണ്ട്.
ഇവയ്ക്ക് മൊത്തം ഏകദേശം 4 കോടി രൂപ വിലവരും. സ്വത്ത് രേഖകൾക്കൊപ്പം സംഭാവനയ്ക്ക് സമ്മതം വ്യക്തമാക്കുന്ന തന്റെ കൈപ്പടയിലെഴുതിയ കുറിപ്പും അദ്ദേഹം ഭണ്ഡാരത്തില്‍ സമര്‍പ്പിച്ചിരുന്നു. ഭണ്ഡാരത്തിലിട്ട കാണിക്കവസ്തുക്കള്‍ തിരിച്ചുനല്‍കാന്‍ പാടില്ലെന്നത് കീഴ് വഴക്കമെന്ന് ക്ഷേത്രഭാരവാഹികളും പറഞ്ഞു.