Image Credit: DD Sports
ഏര്‍ലി ടൈറ്റിള്‍ഡ് ട്യൂസ്ഡേ ഓണ്‍ലൈന്‍ ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒന്‍പത് വയസുകാരന്‍ ആരിത് കപില്‍, മാഗ്നസ് കാള്‍സനെ വിറപ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിക്കുന്നതിന് തൊട്ടരികിലെത്തിയ ആരിത്തിന് മുന്നില്‍ കാള്‍സന്‍ അവസാനം സമനില വഴങ്ങി. ഒരോ നീക്കങ്ങളിലും കാള്‍സന് ഒപ്പത്തിനൊപ്പം നിന്ന ആരിത്തിന് സമയക്കുറവാണ് ചരിത്രവിജയം നിഷേധിച്ചത്.
ഒന്‍പത് വയസിന് താഴെയുള്ളവരുടെ ദേശീയ ചാംപ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനക്കാരനാണ് ആരിത്. അണ്ടര്‍ 10 ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നതിനിടെയാണ് ഓണ്‍ലൈന്‍ ചാംപ്യന്‍ഷിപ്പില്‍ പയ്യന്‍ മാഗ്നസ് കാള്‍സനെ നേരിട്ടത്. ലോകചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് നടക്കുന്ന ജോര്‍ജിയയിലെ ഹോട്ടല്‍മുറിയില്‍ നിന്നാണ് ആരിത്തിന്റെ മിന്നുംപ്രകടനം. അണ്ടര്‍ 10 ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യ മൂന്നുസ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് ആരിത് കപില്‍. ആദ്യ രണ്ടുറൗണ്ടിലും ആരിത് വിജയിച്ചിരുന്നു.
ഇന്ത്യയുടെ വി. പ്രണവ് ആണ് ഏര്‍ലി ടൈറ്റിള്‍ഡ് ട്യൂസ്ഡേ ടൂര്‍ണമെന്റ് വിജയിച്ചു. 10 പോയിന്റുമായാണ് കിരീടനേട്ടം. മാഗ്നസ് കാള്‍സനും അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഹാന്‍സ് മോക്ക് നീമനും 9.5 പോയിന്റ് സ്വന്തമാക്കി. ടൈബ്രേക്കറില്‍ ജയിച്ച് നീമന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.