Image credit: x/ram_abhyudaya

തീര്‍ത്തും ഫോം മങ്ങി കൗമാരക്കാരനോടും തോറ്റ് ലോക ചെസ് ചാംപ്യന്‍ ഡി.ഗുകേഷ്. ഫിഡെ ഗ്രാന്‍ഡ് ചെസ് ടൂര്‍ണമെന്‍റില്‍ ഗുകേഷിന്‍റെ തുടര്‍ച്ചായ മൂന്നാം തോല്‍വിയാണിത്. തുര്‍ക്കിയില്‍ നിന്നുള്ള ഗ്രാന്‍ഡ് മാസ്റ്ററായ ഈഡിസ് ഗുറേ(16)ലിനോടാണ് ഗുകേഷ് തോറ്റത്. ടൂര്‍ണമെന്‍റിന്‍റെ ഏഴാം റൗണ്ടിലെ തോല്‍വിയില്‍ ഗുകേഷ് പൊട്ടിക്കരച്ചിലിന്‍റെ വക്കോളമെത്തി. കൈക്കുള്ളില്‍ കൈ കൊണ്ട് മുഖം മറച്ച് തല താഴ്ത്തി ഇരിക്കുന്ന ഗുകേഷിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഗുറേലിന് മുന്‍പ് അഭിമന്യു മിശ്രയോടും നിക്കൊളാസ് തിയോഡോരുവിനോടും അഞ്ചും ആറും റൗണ്ടുകളില്‍ ഗുകേഷ് പരാജയപ്പെട്ടിരുന്നു. 

കഠിനമായിരുന്നു മല്‍സരമെന്ന് ഗുകേഷിനെ തറപറ്റിച്ചതിന് പിന്നാലെ ഗുറേല്‍ പ്രതികരിച്ചു. ജയിക്കുന്നതിലും തോല്‍ക്കുന്നതിലുമല്ല,  ലോക ചാംപ്യനൊപ്പം കളിക്കാന്‍ കഴിഞ്ഞതിലാണ് തനിക്ക് സന്തോഷമെന്നും ഗുകേഷിന്‍റെ നീക്കങ്ങള്‍ അമ്പരപ്പിച്ചുവെന്നും ഗുറേല്‍ പറയുന്നു. ഗുകേഷ് പ്രതിഭാധനന്‍ ആണെന്നും ലോക ചാംപ്യന്‍റെ ക്ലാസ് ഓരോ നീക്കത്തിലുമുണ്ടെന്നും ഗുറേല്‍ കൂട്ടിച്ചേര്‍ത്തു. 

ഇരുവരും കൈവിട്ട കളി കളിച്ച മല്‍സരം കാഴ്ചക്കാരെയും അമ്പരപ്പിച്ചു. നാല്‍പതാം നീക്കത്തില്‍ വരുത്തിയ പിഴവും പിന്നീട് രണ്ട് കാലാള്‍ക്ക് വേണ്ടി ബിഷപ്പിനെ വിട്ടുകൊടുത്തതും ഗുകേഷിന്‍റെ വരുതിയില്‍ നിന്ന് മല്‍സരത്തെ മാറ്റി. ഇത് ഗുറേല്‍ മുതലെടുക്കുകയും ചെയ്തു. ഒരു നീക്കവും കാണാതെ വിഷമിച്ചിരുന്നപ്പോഴാണ് ഗുകേഷ് പിഴവു വരുത്തിയതെന്നും അത് തനിക്ക് ഗുണം ചെയ്തുവെന്നും ഗുറേല്‍ പറയുന്നു. മല്‍സരം കൈവിട്ടത് വിശ്വസിക്കാന്‍ കഴിയാതെ തലയില്‍ കൈ വച്ച് കുറച്ച് നിമിഷങ്ങള്‍ ഗുകേഷ് ഇരുന്നു. ആത്മവിശ്വാസമെല്ലാം ചോര്‍ന്ന് പോയ ഗുകേഷ് ഗുറേലിന് കൈ കൊടുത്ത് തോല്‍വി അംഗീകരിക്കുകയായിരുന്നു. 

എട്ടാം റൗണ്ടില്‍ ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖിനെയാണ് ഗുകേഷിന് നേരിടാനുള്ളത്. രണ്ട് ജയവും രണ്ട് സമനിലയുമായിട്ടാണ് ഗുകേഷ് മല്‍സരം തുടങ്ങിയത്. എന്നാല്‍ പിന്നീട് ഗുകേഷ് തീര്‍ത്തും നിറം മങ്ങി. അതേസമയം രണ്ട് തോല്‍വികളും മൂന്ന് സമനിലയുമായിട്ടാണ് ദിവ്യ ടൂര്‍ണമെന്‍റ് തുടങ്ങിയത്. പിന്നീട് കണ്ട് കളികളില്‍ ജയിച്ചു. മുന്‍നിര താരങ്ങളെ പരാജയപ്പെടുത്തി എട്ടാം റൗണ്ടിലെത്തിയ ദിവ്യയ്ക്ക് നിലവില്‍ മൂന്നര പോയിന്റുകളുണ്ട്. പോയിന്‍റ് പട്ടികയിലും മേല്‍ക്കൈ ദിവ്യയ്ക്കാണ്.

ENGLISH SUMMARY:

D. Gukesh faces a tough loss in the FIDE Grand Chess Tournament. The Indian Grandmaster lost to 16-year-old Edis Gurel, marking his third consecutive defeat in the tournament.