അമേരിക്കയിലെ സെന്റ് ലൂയിസിൽ നടന്ന ക്ലച്ച് ചെസ് ചാമ്പ്യൻസ് ഷോഡൗണിലെ റാപ്പിഡ് ഫോർമാറ്റിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയെ തോല്‍പ്പിച്ച് ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്. മുന്‍പ് യുഎസ്എ vs ഇന്ത്യ എക്സിബിഷൻ ഇവന്റിൽ ഗുകേഷിന്‍റെ രാജാവിന്‍റെ കരു ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് വിവാദത്തിന് തിരികൊളുത്തിയ നകാമുറയെ ആണ് മൂന്നാഴ്ചക്കിപ്പുറം ഗുകേഷ് കീഴടക്കിയിരിക്കുന്നത്.
ഒന്നാം ഗെയിമിലെ രണ്ടാം റൗണ്ടിലാണ് ഇന്ത്യൻ താരം വിജയം നേടിയത്. കറുത്ത കരുക്കളുമായാണ് ഗുകേഷ് കളിച്ചത്. തോല്‍വിക്ക് ശേഷം ചിരിച്ച് ഗുകേഷിന് കൈ കൊടത്താണ് നകാമുറ മടങ്ങിയത്. തോറ്റപ്പോള്‍ എതിരാളിയുടെ കരു എടുത്ത് എറിയുന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയ നകാമുറയോട് ചോദിക്കുന്നത്.
ഗുകേഷ് പതിവുപോലെ മല്‍സരശേഷം ചെസ് ബോർഡ് പുനഃക്രമീകരിക്കുകയും ചെയ്തു. താരത്തിന്‍റെ ഈ ലാളിത്യം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മല്‍സരത്തില്‍ ജയവും തോല്‍വിയുമുണ്ടാകുമെന്നും അതിരുകടന്ന ആവേശത്തിന് പകരം സംയമനം പാലിക്കുകയാണ് വേണ്ടതെന്നും ഗുകേഷിന്‍റെ ഉദാഹരണം ചൂണ്ടിക്കാണിച്ച് പലരും പറഞ്ഞു. വിജയങ്ങളിലും പരാജയങ്ങളിലും ഒരുപോലെ തളരാതെ നിൽക്കുന്ന ഗുകേഷിന്‍റെ സംയമനത്തെ സോഷ്യല്‍ മീഡിയ പ്രശംസിക്കുകയാണ്.
യുഎസ്എ vs ഇന്ത്യ എക്സിബിഷൻ ഇവന്റിൽ ഗുകേഷിനെ തോല്‍പ്പിച്ചതിനുപിന്നാലെയുള്ള ഹികാരു നകാമുറയുടെ ആഹ്ലാദ പ്രകടനം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തോറ്റ ഗുകേഷിന്‍റെ ചെസ് ബോര്‍ഡിലെ കിങ്ങിനെ എടുത്ത് കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞുകൊടുത്തായിരുന്നു ഹികാരു നകാമുറയുടെ വിജയാഹ്ലാദം. ഹികാരു നകാമുറ തന്‍റെ കരു എടുത്ത് എറിയുന്നതുകണ്ട് ഗുകേഷ് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ശാന്തനായ ഗുകേഷ് കരുക്കള്‍ എടുത്ത് പഴയതുപോലെ വച്ചിട്ടാണ് വേദി വിട്ടത്.