ai generator image
ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് ഒന്ന് കുളിച്ചപ്പോള്‍ പണി ഇത്രയും പാളുമെന്ന് ആ ഭര്‍ത്താവ് കരുതിയിട്ടുണ്ടാവില്ല. സോപ്പിട്ട് ഒന്ന് കുളിച്ചു, പിന്നാലെ വഴക്ക്, അത് ചെന്ന് എത്തിയതാകട്ടെ ഗാർഹിക പീഡന കേസിലും. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. നിസാര വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയും നൽകി. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച് ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു
13 വർഷം മുൻപായിരുന്നു പ്രവീണും ഭാര്യയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പ്രവീൺ രണ്ട് ദിവസം മുമ്പ് കുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ ഭാര്യ ചോദ്യം ചെയ്തു. എന്നാൽ എന്‍റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കുന്നുണ്ടല്ലോ എന്നും അപ്പോഴൊന്നും താൻ പരാതി പറഞ്ഞില്ലല്ലോ എന്നും പ്രവീൺ തിരിച്ച് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. നിസാര കാര്യത്തിന് തുടങ്ങിയ വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്കെത്തി. ഇതോടെ ഭാര്യ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതി ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ക്വാർസി പൊലീസ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.