ദിവസക്കൂലി നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം മുറിച്ചുമാറ്റേണ്ടി വരിക. ഒരേസമയം നടുക്കുന്നതും അവിശ്വസനീയവുമായ അങ്ങനെയൊരവസ്ഥ നേരിട്ടറിയണമെങ്കില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലേക്ക് പോകണം. അവിടെ കാണാം പട്ടിണിയകറ്റാന്‍ ഗര്‍ഭപാത്രം ബലിയര്‍പ്പിച്ച നൂറുകണക്കിന് സ്ത്രീകളെ. കരിമ്പ് കൃഷിക്ക് പേരുകേട്ട ഇടമാണ് ബീഡ്. പ്രതിവര്‍ഷം ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേരാണ് ഇവിടത്തെ കരിമ്പ് പാടങ്ങളില്‍ പണിയെടുക്കാന്‍ എത്തുന്നത്. പകുതിയിലേറെയും സ്ത്രീകള്‍. കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റുമധികം ആളുകളെത്തുന്നത്. അവിടെയാണ് ഉളളുലയ്ക്കുന്ന തൊഴില്‍ ചൂഷണം നടക്കുന്നതും.
ബീഡില്‍ നടക്കുന്നതെന്ത്?
2024ല്‍ മാത്രം ഇവിടത്തെ സ്ത്രീ തൊഴിലാളികളില്‍ 843 പേര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. ഇവരില്‍ ആരും പൂര്‍ണസമ്മതത്തോടെ ഇനിയൊരു കുഞ്ഞുവേണ്ട എന്ന തീരുമാനത്തിലെത്തിയവരോ രോഗം മൂലം ഹിസ്റ്റരെക്ടമി ശസ്ത്രക്രിയ വേണ്ടിവന്നവരോ അല്ല. മറിച്ച് ദിവസക്കൂലി നഷ്ടപ്പെടാതിരിക്കാനും കരാറുകാര്‍ക്ക് പിഴ നല്‍കാതിരിക്കാനുമാണ് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന ഈ തീരുമാനമെടുക്കുന്നത്. കരിമ്പിന്‍ പാടത്ത് ഒരുദിവസം പണിക്ക് പോയില്ലെങ്കില്‍ 500 മുതല്‍ ആയിരം രൂപ വരെയാണ് ഇവര്‍ക്ക് നഷ്ടമാകുന്നത്. ആ നഷ്ടം എങ്ങനെയെങ്കിലും സഹിക്കാമെന്ന് കരുതിയാലോ തൊഴില്‍ നല്‍കിയ കരാറുകാര്‍ക്ക് പിഴയും നല്‍കണം. ഇത് ഭയന്ന് ആര്‍ത്തവം പോലും വകവെയ്ക്കാതെ വേദന സഹിച്ച് സത്രീകള്‍ കൃഷിയിടങ്ങളില്‍ എത്തും. അമിതരക്തസ്രാവമുളള ദിവസങ്ങളില്‍ പോലും അവധിയെടുക്കാന്‍ അനുവാദമില്ലെന്ന് ചുരുക്കം.
ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ബീഡ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പ് വെട്ടാനായി പോകുക. ഈ സമയത്ത് ബീഡിലേക്കും തൊഴിലാളികളുടെ ഒഴുക്കുണ്ടാകും. ജോലിതേടി ബീഡിലെത്തുന്ന ദമ്പതികളെ ഒറ്റ യൂണിറ്റായാണ് കരാറുകാര്‍ കണക്കാക്കുന്നത്. ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ 250 രൂപയാണ് കൂലി. മൂന്നുമുതല്‍ നാലുടണ്‍ വരെ കരിമ്പ് വെട്ടിയാല്‍ മാത്രമേ ഒരുദിവസം ആയിരം രൂപയെങ്കിലും കിട്ടൂ. ഒരു ദിവസം എത്ര കരിമ്പ് വെട്ടണമെന്നും ടാര്‍ഗറ്റുണ്ട്. 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ് ജോലി. അതുകൊണ്ടു തന്നെ ഒരു ദിവസത്തെ അവധി എന്നത് ബീഡിലെ സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.
40 വയസിന് താഴെയുളളവരെയാണ് കരാറുകാര്‍ക്ക് ആവശ്യം. 35 വയസ് വരെയുളള ആര്‍ത്തവമില്ലാത്ത സ്ത്രീകള്‍ക്കാണ് മുന്‍ഗണന. ജോലി ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ ഇരുപതുകളില്‍പ്പോലും ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ തയാറാവുന്നവരാണ് ബീഡിലെ സ്ത്രീകള്‍. കരാറുകാരുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് തയാറാകുന്നത്. ശസ്ത്രക്രിയയ്ക്കായി ശമ്പളം അഡ്വാന്‍സായി നല്‍കാനും കരാറുകാര്‍ തയാറാണ്. ശസ്ത്രക്രിയ കഴിഞ്ഞയുടനെ കൃഷിയിടത്തില്‍ പണിക്കിറങ്ങണം എന്ന കര്‍ശന നിബന്ധനയുമുണ്ട്. ശസ്ത്രക്രിയ കഴിയുന്നതിന്‍റെ പിറ്റേന്നുതന്നെ കരിമ്പുവെട്ടാനിറങ്ങുന്നവര്‍ക്ക് കടുത്ത ശാരീരികപ്രശ്നങ്ങളുണ്ടാകും. നടുവേദന, പേശീവേദന, അനീമിയ, ഹോര്‍മോണ്‍ വ്യതിയാനം, മറ്റുരോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുകയാണ് ഇവിടുത്തെ മിക്ക സ്ത്രീകളും.
ഇനി ഗര്‍ഭിണികളുടെ കാര്യമെടുത്താല്‍ പ്രസവാവധി ഇവര്‍ക്ക് സ്വപ്നം മാത്രമാണ്. കയ്യില്‍ അരിവാളേന്തി കരിമ്പിന്‍ പാടത്ത് നില്‍ക്കുമ്പോഴാണ് പലരും പ്രസവിക്കുന്നത്. ശൗചാലയം പോലുമില്ല. കുഞ്ഞിനായി ഒരു ദിവസം പാടത്ത് നിന്ന് മാറിനില്‍ക്കാനും അനുവാദമില്ല. ജനിച്ച് ദിവസങ്ങള്‍ മാത്രമുളള കുഞ്ഞിനെയും കൊണ്ട് കൃഷിയിടങ്ങളില്‍ എത്തുന്ന സ്ത്രീകളും നിരവധിയാണ്. കുഞ്ഞിനെ നിലത്തെവിടെയങ്കിലും കിടത്തി ജോലിക്ക് പോകുമ്പോഴുണ്ടാകുന്ന അപകടവും ബീഡിലെ സ്ഥിരം കാഴ്ചയാണ്. കരിമ്പ് കയറ്റി വന്ന ട്രാക്ടര്‍ കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി, കുട്ടി മരിച്ചിട്ട് അധികകാലമായിട്ടില്ല. ബീഡില്‍ ജനിച്ച് വളരുന്ന പെണ്‍കുട്ടികളുടെയും അവസ്ഥ ദാരുണമാണ്. ചെറുപ്രായത്തില്‍ തന്നെ കരിമ്പ് തൊഴിലാളികളായ പുരുഷന്‍മാരെ വിവാഹം ചെയ്ത് അവര്‍ക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുക. കുഞ്ഞുങ്ങളുണ്ടായാല്‍ ഉടനെ ഗര്‍ഭപാത്രം നീക്കം ചെയ്ത് വീണ്ടും തൊഴിലാളികളായി കൃഷിയിടത്തിലേക്ക്. മറ്റൊരു ലോകം ഇവടുത്തെ പെണ്‍കുട്ടികള്‍ക്കില്ല.
ബീഡിലെ തൊഴിൽ ചൂഷണത്തെക്കുറിച്ച് മുൻപും വാര്‍ത്തകൾ വന്നിട്ടുണ്ട്. ആ സമയത്ത് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഇത്തരം ചൂഷണങ്ങള്‍ക്ക് തടയിടണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടുത്തെ തൊഴില്‍ ചൂഷണത്തിന് മാത്രം ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. ബീഡിലെ സ്ത്രീകളുടെ ദുരിതജീവിതം ഇന്നും മാറ്റമില്ലാതെ തുടരുന്നു.