TOPICS COVERED

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്രയും ബിജെഡി നേതാവ് പിനാകി മിശ്രയും വിവാഹിതരായി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേക്ക് മുറിക്കുന്ന ഒരു ചിത്രത്തിനൊപ്പം തങ്ങള്‍ക്ക് ആശംസകളറിയിച്ചവര്‍ക്ക് നന്ദി എന്നാണ് മഹുവ മോയ്ത്ര സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ജർമനിയിലെ ബെര്‍ലിനില്‍ വച്ച് സ്വകാര്യമായി നടത്തിയ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. മേയ് 30 നായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്. വിവാഹവസ്ത്രത്തില്‍ തന്നെയാണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. മഹുവ തന്നെയാണ് ബെര്‍ലിനിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വിഡിയോ പുറത്തുവന്നതിനുപിന്നാലെ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാ എം.പിയായ നേതാവാണ് മഹുവ മൊയ്ത്ര. 1974ല്‍ ഒക്ടോബര്‍ 12ന് അസമിലാണ് മഹുവ ജനിച്ചത്. 2010ല്‍ ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ച് മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019, 2024 തിരഞ്ഞെടുപ്പുകളിലാണ് മഹുവ കൃഷ്ണനഗറില്‍ ജയിച്ചത്. മഹുവയുടെ പ്രസംഗങ്ങള്‍ പാര്‍ട്ടി അണികളെ ആവേശം കൊള്ളിക്കുന്നതാണ്.

1959 ഒക്ടോബര്‍ 23നാണ് പിനാകി മിശ്രയുടെ ജനനം. ഒഡിഷയിലെ പുരിയാണ് സ്വദേശം. ബിജെഡി നേതാവായ അദ്ദേഹം പുരി എം.പിയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കൂടിയാണ്. കോണ്‍ഗ്രസില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ മിശ്ര 1996ലാണ് ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളില്‍ ചേര്‍ന്നു. പലവട്ടം ജനപ്രതിനിധിയായി. 2009, 2014, 2019 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച് പാര്‍ലമെന്റിലെത്തി.

ENGLISH SUMMARY:

News broke recently that Trinamool Congress MP Mahua Moitra and BJD leader Pinaki Misra have tied the knot. Mahua Moitra shared a message on social media thanking everyone for their wishes, along with a picture of the couple cutting a cake. The wedding reportedly took place in a private ceremony in Berlin, Germany, on May 30.