ബിജെഡി നേതാവ് പിനാകി മിശ്രമായി താന്‍ വിവാഹിതയായി എന്ന് വെളിപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര. കേക്ക് മുറിക്കുന്ന ഒരു ചിത്രത്തിനൊപ്പം തങ്ങള്‍ക്ക് ആശംസകളറിയിച്ചവര്‍ക്ക് നന്ദി എന്നാണ് മഹുവ മോയ്ത്ര സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ജർമനിയിലെ ബെര്‍ലിനില്‍ വച്ച് സ്വകാര്യമായി നടത്തിയ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. മേയ് മൂന്നിനായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്.

ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാ എം.പിയായ നേതാവാണ് മഹുവ മൊയ്ത്ര. 1974ല്‍ ഒക്ടോബര്‍ 12ന് അസമിലാണ് മഹുവ ജനിച്ചത്. 2010ല്‍  ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ച്  മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019, 2024 തിരഞ്ഞെടുപ്പുകളിലാണ് മഹുവ കൃഷ്ണനഗറില്‍ ജയിച്ചത്. മഹുവയുടെ പ്രസംഗങ്ങള്‍ പാര്‍ട്ടി അണികളെ ആവേശം കൊള്ളിക്കുന്നതാണ്. അതേസമയം എം.പിയായ ആദ്യവട്ടം പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. 

1959 ഒക്ടോബര്‍ 23നാണ് പിനാകി മിശ്രയുടെ ജനനം. ഒഡിഷയിലെ പുരിയാണ് സ്വദേശം. ബിജെഡി നേതാവായ അദ്ദേഹം പുരി എം.പിയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കൂടിയാണ്. കോണ്‍ഗ്രസില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ മിശ്ര 1996ലാണ് ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളില്‍ ചേര്‍ന്നു. പലവട്ടം ജനപ്രതിനിധിയായി. 2009, 2014, 2019 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച് പാര്‍ലമെന്റിലെത്തി.

ENGLISH SUMMARY:

Trinamool Congress MP Mahua Moitra has confirmed her marriage to BJD leader Pinaki Mishra. Alongside a picture of them cutting a cake, Moitra thanked everyone who extended their wishes, in a note shared on social media. The wedding was held privately in Berlin, Germany. Reports suggest the ceremony took place on May 3.