കൊല്‍ക്കത്ത കൂട്ടബലാല്‍സംഗക്കേസിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര്. അതിജീവിതയെ കുറ്റപ്പെടുത്തിയ മുതിര്‍ന്ന നേതാവ് കല്യാണ്‍ ബാനര്‍ജിയെ കഴിഞ്ഞ ദിവസം പാര്‍ട്ടി എംപി മഹുവ മൊയ്ത്ര വിമര്‍ശിച്ചിരുന്നു. പിന്നാലെ മഹുവയെ വ്യക്തിപരമായി കടന്നാക്രമിച്ച് കല്യാണ്‍ ബാനര്‍ജി രംഗത്തെത്തി. ഒരു കുടുംബം തകര്‍ത്ത് വിദേശത്ത് ഹണിമൂണ്‍ ആഘോഷിച്ച് മടങ്ങിവന്ന മഹുവയാണ് തന്നെ സ്ത്രീ വിരുദ്ധനെന്ന് വിളിക്കുന്നതെന്നായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ ആക്ഷേപം.
‘മധുവിധുവിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മഹുവ, എന്നോട് കലഹിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഞാന്‍ സ്ത്രീവിരുദ്ധനാണെന്ന്. അവർ പറയുന്നു. അവര്‍ ആരാണ് ? നാൽപതു വർഷത്തെ ദാമ്പത്യബന്ധം തകര്‍ത്ത്, 65 വയസ്സുള്ള ആളെ വിവാഹം കഴിച്ചയാളാണ് മഹുവ. അവര്‍ ആ സ്ത്രീയെ വേദനിപ്പിച്ചില്ലേ. ഈ രാജ്യത്തെ സ്ത്രീകള്‍ തീരുമാനിക്കും അവര്‍ കുടുംബം തകര്‍ത്തോ ഇല്ലയോ എന്ന്,' കല്യാൺ ബാനർജി പറഞ്ഞു.
ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് കല്യാൺ ബാനർജി കൂട്ട ബലാല്‍സംഗക്കേസിനോട് പ്രതികരിച്ചത്. ഇത് തൃണമൂൽ കോൺഗ്രസ് തള്ളിയിരുന്നു. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും സ്ത്രീവിരുദ്ധതയുണ്ടെന്നും എന്നാല്‍ ആര് പ്രസ്താവന നടത്തിയാലും അതിനെ അപലപിക്കാന്‍ തയാറാകുന്നതാണ് തൃണമൂൽ കോൺഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്നും മഹുവ പറഞ്ഞു. ഇതിനുപിന്നാലെയാണ് ബാനര്‍ജി മഹുവയെ വ്യക്തിപരമായി അധിക്ഷേപിച്ചത്.