പാര്‍ലമെന്‍റിലെ തീപ്പൊരി പ്രാസംഗിക, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയ്ത്ര വിവാഹിതയായി. ബിജെഡി നേതാവും മുൻ എം.പിയുമായ പിനാകി മിശ്രയാണ് വരൻ. ജർമനിയിലെ ബെര്‍ലിനില്‍ സ്വകാര്യമായിട്ടാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹച്ചടങ്ങിന്‍റെ ഫോട്ടോ ചുരുങ്ങിയ സമയംകൊണ്ട് വൈറലായി. മേയ് മൂന്നിനായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ട്.

ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാ എം.പിയായ നേതാവാണ് മഹുവ മൊയ്ത്ര. 1974ല്‍ ഒക്ടോബര്‍ 12ന് അസമിലാണ് മഹുവ ജനിച്ചത്. 2010ല്‍  ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ച്  മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019, 2024 തിരഞ്ഞെടുപ്പുകളിലാണ് മഹുവ കൃഷ്ണനഗറില്‍ ജയിച്ചത്. മഹുവയുടെ പ്രസംഗങ്ങള്‍ പാര്‍ട്ടി അണികളെ ആവേശം കൊള്ളിക്കുന്നതാണ്. അതേസമയം എം.പിയായ ആദ്യവട്ടം പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. 

1959 ഒക്ടോബര്‍ 23നാണ് പിനാകി മിശ്രയുടെ ജനനം. ഒഡിഷയിലെ പുരിയാണ് സ്വദേശം. ബിജെഡി നേതാവായ അദ്ദേഹം പുരി എം.പിയായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ കൂടിയാണ്. കോണ്‍ഗ്രസില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ മിശ്ര 1996ലാണ് ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളില്‍ ചേര്‍ന്നു. പലവട്ടം ജനപ്രതിനിധിയായി. 2009, 2014, 2019 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച് പാര്‍ലമെന്റിലെത്തി.

ENGLISH SUMMARY:

Trinamool Congress MP Mahua Moitra has tied the knot. The groom is Pinaki Mishra, a BJD leader and former Member of Parliament. The wedding ceremony was held in a very private setting in Berlin, Germany. A photo from the event quickly went viral on social media. Reports suggest the wedding took place on May 3.