ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുറഞ്ഞെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2011-12 ലെ 27.1 ശതമാനത്തിൽ നിന്ന് 2022-23 ൽ ഇത് 5.3 ശതമാനമായി കുറഞ്ഞുവെന്നാണ് ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. അതിദരിദ്രരുടെ കണക്കില്‍ വലിയ കുറവാണ് ഇന്തയില്‍ ഉണ്ടായിരിക്കുന്നത്. നഗര–ഗ്രാമ വ്യത്യാസമില്ലാതെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ലോകബാങ്ക് വ്യക്തമാക്കി. ഏകദേശം 11 വർഷത്തിനുള്ളിൽ 269 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്നാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
2011-12 ൽ ഇന്ത്യയിലെ അതിദാരിദ്ര്യത്തിന്റെ 65 ശതമാനവും ഉൾപ്പെട്ടത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. എന്നാല്‍ പുതിയറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വലിയ പുരോഗതിയാണ് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണം 344.47 ദശലക്ഷത്തിൽ നിന്ന് 75.24 ദശലക്ഷമായി കുറഞ്ഞതായും ലോകബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 11 വർഷത്തിനിടെ ഗ്രാമങ്ങളിലെ അതിദാരിദ്ര്യ നിരക്ക് 18.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായും നഗരപ്രദേശങ്ങളിലെ അതിദാരിദ്ര്യ നിരക്ക് 10.7 ശതമാനത്തിൽ നിന്ന് 1.1 ശതമാനമായും കുറഞ്ഞു. ഇത് മാത്രമല്ല പൊതുവായുള്ള ദാരിദ്ര്യം കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2005-2006-ൽ 53.8 ശതമാനമായിരുന്ന ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ) 2019-21 ആയപ്പോഴേക്കും 16.4 ശതമാനമായും, 2022-23-ൽ 15.5 ശതമാനമായും കുറഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.