ഏതു ചോദ്യത്തെയും സംയമനത്തോടെ നേരിടുന്ന ശശി തരൂര്‍, ഇതാദ്യമായി ഒരു മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചോദിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടു. കാരണം മറ്റൊന്നുമല്ല, ചോദ്യമുന്നയിക്കാനെഴുന്നേറ്റ മാധ്യമപ്രവര്‍ത്തകന്‍ തരൂരിന്റെ മകനായിരുന്നു. വാഷിങ്ടണ്‍ പോസ്റ്റിലെ വിദേശകാര്യലേഖകനായ ഇഷാന്‍ തരൂര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം അമേരിക്കയിലെത്തിയപ്പോഴാണ് കൗതുകകരമായ സാഹചര്യമൊരുങ്ങിയത്.
ഞാന്‍ ഒരു ഹായ് പറയാന്‍ വന്നതാണെന്ന് പറഞ്ഞാണ് ഇഷാന്‍ തുടങ്ങിയതെങ്കിലും ചോദ്യം ഗൗരവമുള്ളതായിരുന്നു. പെഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടോ, പാക്കിസ്ഥാന്‍ തുടര്‍ച്ചയായി പങ്കാളിത്തം നിഷേധിക്കുകയാണല്ലോ എന്നതായിരുന്നു ചോദ്യം. ഈ ചോദ്യം ഉന്നയിച്ചതിന് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് തരൂര്‍ മറുപടി തുടങ്ങിയത്. അത് ആസൂത്രണം ചെയ്ത ഒരു ചോദ്യവും ഉത്തരവുമല്ല എന്നും തരൂര്‍ ഉത്തരത്തിനു മുന്നോടിയായി പറഞ്ഞു.
ഞങ്ങളാരും പാക്കിസ്ഥാന്റെ പങ്കിന് തെളിവുകള്‍ ചോദിച്ചിട്ടില്ല. ഞങ്ങള്‍ക്കത് ബോധ്യമുള്ള കാര്യമാണ്. പക്ഷേ മാധ്യമങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഒരു കാര്യം മാത്രം ഓര്‍ക്കുക, വ്യക്തമായ തെളിവില്ലാതെ ഇന്ത്യ ഒരിക്കലും ഇത്രയും ശക്തമായ നടപടിയെടുക്കില്ല. മൂന്നു സന്ദര്‍ഭങ്ങള്‍ ഓര്‍മിപ്പിക്കാം. ഒസാമ ബിന്‍ ലാദനെക്കുറിച്ച് ഒരറിവുമില്ലെന്നു ഭാവിച്ച പാക്കിസ്ഥാന്റെ നിലപാട് അമേരിക്ക എന്തായാലും മറന്നിട്ടുണ്ടാകില്ല. ഒടുവില്‍ പാക്കിസ്ഥാനിലെ സുരക്ഷിത താവളത്തില്‍ നിന്നാണ് ബിന്‍ ലാദനെ അമേരിക്ക വധിച്ചത്. മുംബൈ ഭീകരാക്രമണത്തിലും പാക്കിസ്ഥാന്‍ ഒരു പങ്കുമില്ലെന്ന് നിഷേധിച്ചു.
ഒരു ഭീകരന്‍ ജീവനോടെ പിടിയിലായിട്ടു പോലും അയാള്‍ എല്ലാം വെളിപ്പെടുത്തിയിട്ടു പോലും പാക്കിസ്ഥാന്‍ നിഷേധം തുടര്‍ന്നു. ഇന്ത്യന്‍–അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ മുംബെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് റെക്കോര്‍ഡ് ചെയ്തിട്ടു പോലും പാക്കിസ്ഥാന്‍ നിഷേധിക്കുകയാണ് ചെയ്തത്. പാക്കിസ്ഥാന്‍ എങ്ങനെ പിടിക്കപ്പെട്ടാലും ഇങ്ങനെ തന്നെയാണ് എന്നും ചെയ്തിട്ടുള്ളതെന്നും തരൂര്‍ മറുപടി നല്‍കി.