പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് ഇന്ന് ഒരു വയസ്. പഹല്‍ഗാം ഭീകരാക്രമണത്തിന് സൈന്യം നല്‍കിയ ശക്തമായ തിരിച്ചടിയായിരുന്നു സിന്ദൂര്‍. ഭീകരതയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത ബഹുമുഖ പോരാട്ടം തുടരുമെന്ന പ്രഖ്യാപനമായും ഓപ്പറേഷന്‍ സിന്ദൂര്‍ മാറി.പഹല്‍ഗാമില്‍ മുറിവേറ്റ നാടിന്‍റെ മറുപടി. 2025 മേയ് ഏഴിന് പുലർച്ചെ ഒരു മണിയോടെ പാക്കിസ്ഥാന്‍റെ മണ്ണില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ മിന്നലാക്രമണം. 25 മിനുറ്റ്നീണ്ട കൃത്യമായ വ്യോമാക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ നാമവശേഷമായി.
26 പേരുടെ ജീവനെടുത്ത, അവരുടെ പത്നിമാരുടെ നെറ്റിയിലെ സിന്ദൂരം മായ്ച കൊടുംക്രൂരതയ്ക്കുള്ള തിരിച്ചടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേര്. നീതി നടപ്പായെന്ന വാര്‍ത്തകേട്ടാണ് ആ ബുധനാഴ്ച രാജ്യം ഉണര്‍ന്നത്.
ജയ്ഷെ മുഹമ്മദിന്‍റെയും ലഷ്കര്‍ ഇ തൊയ്ബയുടെയും ആസ്ഥാന കേന്ദ്രങ്ങളടക്കം പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര ക്യാംപുകളാണ് തകര്‍ത്തത്. കര, വ്യോമ, നാവിക സേനകള്‍ ചേര്‍ന്നുള്ള ദൗത്യം ഉപഗ്രഹ ചിത്രങ്ങളോടെ തെളിവുസഹിതം സേനാ പ്രതിനിധികള്‍ വിശദീകരിച്ചു.കുറഞ്ഞത് 125ലേറെ ഭീകരരെ വധിച്ചതായാണ് നിഗമനം. പാകിസ്താനിലെ ജനവാസ മേഖലയും സൈനിക കേന്ദ്രങ്ങളും ഒഴിവാക്കിയുള്ള ആക്രമണത്തിന് പക്ഷേ കശ്മീരിലെ ജനവാസ മേഖലകള്‍ ആക്രമിച്ചായിരുന്നു പാക്കിസ്ഥാന്‍ പകവീട്ടല്‍ ശ്രമം.
പിന്നെ ദിവസങ്ങള്‍ നീണ്ട ഇന്ത്യ – പാക് ഏറ്റുമുട്ടല്‍. സിന്ദൂരിന്‍റെ വിജയത്തിനുശേഷം മൂന്നു സേനകളുടെയും സംയുക്ത കമാന്‍ഡിനുള്ള പാതയിലാണ് പ്രതിരോധ മന്ത്രാലയം. ഭീകരതയ്ക്കെതിരെ നയതന്ത്ര നീക്കവും ശക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ഇന്നും ഇന്ത്യ ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.