Chinese J-10 fighter jet; Image Credit: AP

Chinese J-10 fighter jet; Image Credit: AP

പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ പാക്കിസ്ഥാന് വേണ്ട സാങ്കേതിക സഹായം നല്‍കിയെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ നടത്തിയപ്പോള്‍ പാക്കിസ്ഥാനിലേക്ക് വിദ്ഗധരെ അയച്ച് ആവശ്യമായ സേവനം നല്‍കിയെന്ന് ചൈന വ്യക്തമാക്കിയതായി സൗത്ത്ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈനയിലെ എന്‍ജിനീയര്‍മാരാണ് പാക്കിസ്ഥാനെ സഹായിക്കാന്‍ നേരിട്ടെത്തിയത്. ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ ചൈന നേരിട്ട് ഇടപെട്ടുവെന്നതിന്‍റെ തെളിവ് കൂടിയാകുകയാണ് ചൈനീസ് ബ്രോഡ്കാസ്റ്ററായ സിസിടിവി സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്‍കിയ ഈ അഭിമുഖം. 

ഷെങ്ഡു എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍ജിനീയറായിരുന്ന സാങ് ഹാങ് സംഘത്തിലുണ്ടായിരുന്നുവെന്നും സംഘര്‍ഷത്തിനിടെ പാക്കിസ്ഥാനെ സഹായിക്കുകയും ആവശ്യമായ സാങ്കേതിക സഹായം നല്‍കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും ആളില്ലാ വിമാനങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന സ്ഥാപനമാണിത്. 'സപ്പോര്‍ട്ട് ബേസില്‍ ഞങ്ങള്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നതിന്‍റെ ഇരമ്പലും വ്യോമപ്രതിരോധം മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും കേള്‍ക്കാമായിരുന്നുവെന്ന് സാങ് ഹാങ് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇതാദ്യമായിട്ടാണ് പാക്കിസ്ഥാന് ഗ്രൗണ്ട് ലെവല്‍ പിന്തുണ നല്‍കിയെന്ന് ചൈന അംഗീകരിക്കുന്നത്. 

ചൈനാനിര്‍മിതമായ J 10 CE ജെറ്റുകള്‍ പാക്കിസ്ഥാന്‍റെ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. തന്‍റെ ജോലി ഏറ്റവും നന്നായി ചെയ്യാനുള്ള അവസരമായിട്ടാണ് കണ്ടതെന്നും തങ്ങള്‍ നിര്‍മിച്ച ഉപകരണങ്ങള്‍ അതിന്‍റെ പൂര്‍ണക്ഷമതയില്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിഞ്ഞുവെന്നും സാങ് വിശദീകരിക്കുന്നുണ്ട്. പാക്കിസ്ഥാന് നല്‍കിയ യുദ്ധവിമാനം സ്വന്തം കുഞ്ഞിനെ പോലെയാണ് തോന്നിയതെന്നും വളര്‍ത്തി വലുതാക്കി മറ്റൊരിടത്തേക്ക് വിട്ട ശേഷം ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ പരിഹരിക്കാന്‍ നേരിട്ടെത്തുന്നത് പോലെയുള്ള വികാരമായിരുന്നുവെന്ന് മറ്റൊരു എന്‍ജിനീയറായ ഷി ഡ പറഞ്ഞു. പ്രതീക്ഷിച്ചത് പോലെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

J 10-C  4.5 തലമുറയില്‍പ്പെട്ട യുദ്ധവിമാനത്തിന്‍റെ വകഭേദമാണ് J10 CE. J10 സീരിസിലെ ഏറ്റവും മികച്ചതും ഇതാണെന്നാണ് കരുതുന്നത്.  ചൈനയ്ക്ക് പുറമെ J-10 C യുദ്ധവിമാനം പാക്കിസ്ഥാന്‍ മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നത്. 2020  ല്‍ 250 PL –15 മിസൈലുകള്‍ക്കൊപ്പമാണ് 36 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വാങ്ങിയത്. 

പാക്കിസ്ഥാന്‍റെ കൈവശമുള്ള ആയുധങ്ങളില്‍ 81 ശതമാനവും ചൈനാ നിര്‍മിതമാണെന്ന് 2025 ജൂലൈയില്‍ ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. 2015 മുതല്‍ 8.2 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങള്‍ ചൈന, പാക്കിസ്ഥാന് വിറ്റിട്ടുണ്ടെന്നാണ് സ്റ്റോക്ഹോം ഇന്‍റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്ക്. 2020 നും 2024നുമിടെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ആയുധക്കയറ്റുമതിക്കാരായി ചൈന മാറി. ഇതില്‍ 63 ശതമാനവും പാക്കിസ്ഥാനിലേക്കാണ് എത്തുന്നത്. 

ENGLISH SUMMARY:

In a significant admission, China has revealed that it provided direct military and technical assistance to Pakistan during India’s retaliatory "Operation Sindoor" following the Pahalgam terror attacks. According to reports from the South China Morning Post, engineers from the Aviation Industry Corporation of China (AVIC) were stationed at Pakistani bases to ensure the optimal performance of J-10 CE fighter jets and other defense systems. Engineers Zhang Hang and Shi Da described their ground-level involvement as a critical mission to support Pakistan during the heat of the aerial conflict. This marks the first time China has officially acknowledged its direct intervention on the ground during an Indo-Pak military standoff. Statistics indicate that Pakistan remains China's largest arms buyer, with nearly 81% of Pakistan's current arsenal being of Chinese origin.