41 വർഷം മുമ്പ് ഒരു യുവാവ് തന്റെ ഭാവി അമ്മായിഅച്ഛന് എഴുതിയ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ? എന്ന ചോദ്യവുമായാണ് ഈ കത്ത് സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 1984-ൽ എഴുതിയ ഈ കത്ത്, റെഡ്ഡിറ്റിൽ പങ്കുവെച്ചത് കത്തെഴുതിയ ആളുടെ മകനാണ്. ഇപ്പോള്‍ അച്ഛന് 70 വയസും അമ്മയ്ക്ക് 65 വയസുമായി, അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ വാർഷികം ആഘോഷിച്ചതെന്നും മകന്‍ വെളിപ്പെടുത്തി.

'ജയ് ജോഹർ' എന്ന പരമ്പരാഗത ആശംസയോടെയാണ് കത്ത് തുടങ്ങുന്നത്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ ആദിവാസി സമൂഹങ്ങൾ ഉപയോഗിക്കുന്ന ഈ ഭാഷ തന്റെ അച്ഛൻ അമ്മയിൽ നിന്നാണ് പഠിച്ചതെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പോസ്റ്റില്‍ പറയുന്നു. 

കത്തിലെ ഓരോ വാക്കിലും കാമുകിയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. യുവാവ് ഡൽഹി സ്വദേശിയും പെൺകുട്ടി ഛത്തീസ്ഗഡിലെ റായ്പൂർ സ്വദേശിയുമായിരുന്നു.  കത്തെഴുതുമ്പോൾ 30 വയസ്സുണ്ടായിരുന്ന യുവാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലത്താണ് ഡിഗ്രിക്ക് പഠിച്ചിരുന്ന ഒരു പെൺകുട്ടിയുമായി അദ്ദേഹം പ്രണയത്തിലാകുന്നത്. സർക്കാർ ജോലിയുള്ളതുകൊണ്ട് തന്നെ തനിക്കിപ്പോൾ സാമ്പത്തികമായി സ്ഥിരതയുണ്ട് എന്നും വിവാഹത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കത്തില്‍ പറയുന്നു. 

കാമുകിയുടെ അച്ഛന്‍ ഭാവി അമ്മായിഅച്ഛനെ അങ്കില്‍ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ഈ കത്ത് വായിക്കുമ്പോള്‍ ദേഷ്യം തോന്നിയേക്കാമെന്നും എന്നാല്‍ നിങ്ങളുടെ മകളെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നും കത്തില്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ അനുവാദമില്ലാതെ ഞങ്ങളുടെ കാര്യത്തില്‍ ഒരുപടി പോലും മുന്നോട്ട് വയ്ക്കില്ല. നിങ്ങളുടെ അനുഗ്രഹം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റെ കൂടെ ജീവിക്കാൻ തുടങ്ങിയാൽ അവൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. അങ്കിളിന്റെയും ആന്റിയുടെയും അനുഗ്രഹം വേണം എന്നും കത്തിൽ എഴുതിയിട്ടുണ്ട്. 

കത്ത് പങ്കുവച്ചതു മുതല്‍ നിരവധി കമന്‍റുകളാണ് പോസ്റ്റിനു ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കത്തിന് എന്തായിരുന്നു നിങ്ങളുടെ മുത്തച്ഛന്‍റെ പ്രതികണമെന്നായിരുന്നു കൂടുതല്‍ കമന്‍റുകളും. അതിനു മറുപടിയായി മുത്തച്ഛൻ അച്ഛന്റെ വീട്ടുകാരോട് സംസാരിച്ചുവെന്നും അടുത്ത വര്‍ഷം അവരുടെ വിവാഹമായിരുന്നുവെന്നും മകന്‍ പറഞ്ഞു. സ്നേഹവും ബഹുമാനവും സാംസ്കാരിക തനിമയും നിറഞ്ഞ ഈ കത്ത്, ഒരു തലമുറയുടെ പ്രണയ സങ്കൽപ്പങ്ങളെ വരച്ചുകാട്ടുന്നുവെന്നാണ് മറ്റ് ചില കമന്‍റുകള്‍.

ENGLISH SUMMARY:

A 41-year-old love letter written by a young man to his future father-in-law, asking for his daughter's hand in marriage, has gone viral on Reddit. Shared by the couple's son, the letter from 1984 reveals a touching story of enduring love. The parents, now 70 and 65, recently celebrated their 40th wedding anniversary.