മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ലോകം ഭരിക്കുന്ന ഇക്കാലത്ത്, ഒരു ചെറിയ റേഡിയോയെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാക്കി മാറ്റിയ ഒരാളെ  ലോക റേഡിയോ ദിനത്തിൽ പരിചയപ്പെടാം. കോതമംഗലം സ്വദേശിയായ  റിട്ടയേർഡ് അധ്യാപകൻ അലക്സാണ്ടർ . ആറു പതിറ്റാണ്ടിലേറെയായി റേഡിയോയെ തന്‍റെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനായി ഒപ്പം കൂട്ടിയ മനുഷ്യൻ.

ചേലാട് സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ സി.കെ. അലക്സാണ്ടർ. 83 വയസ് പിന്നിട്ടിട്ടും അലക്സാണ്ടറിന്റെ ജീവിതത്തിൽ റേഡിയോക്ക് ഇന്നും അതേ പ്രാധാന്യം തന്നെ. പറമ്പിൽ പണിയെടുക്കുമ്പോഴും,വിശ്രമിക്കുമ്പോഴും, ഒറ്റയ്ക്കാകുമ്പോഴുമെല്ലാം വാർത്തകളും പാട്ടുകളും ലോകത്തിന്റെ ഓരോ ചലനവും അലക്സാണ്ടറുടെ ചെവിയിലെത്തുന്നത് റേഡിയോ വഴിയാണ്.

റേഡിയോയുടെ സുവർണകാലം കണ്ട തലമുറയിലെ അംഗമാണ് അലക്സാണ്ടർ. അന്ന് ഒരു വീട്ടിൽ ഒരു റേഡിയോ ഉണ്ടെങ്കിൽ അത് മുഴുവൻ കുടുംബത്തിന്റെയും അഭിമാനമായിരുന്നെന്ന് ഓർത്തെടുക്കുകയാണ് അലക്സാണ്ടർ. 

റേഡിയോയുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും അലക്സാണ്ടറിന് മനഃപാഠമാണ്. ദിവസം തുടങ്ങുന്നത് തന്നെ റേഡിയോ പരിപാടികളോടെയാണ്. രാത്രി 11 മണിക്ക് പരിപാടികൾ അവസാനിക്കുന്നതുവരെ റേഡിയോ തന്നെയാണ്  കൂട്ട്. 1980-ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള സമ്മാനമായി കേന്ദ്രമന്ത്രിയായിരുന്ന വസന്ത് പി. സാഠെയിൽ നിന്ന് ഒരു റേഡിയോ. തുടർന്ന് നിരവധി പുരസ്കാരങ്ങൾ. സമ്മാനമായി ലഭിച്ച  ഇരുപതിലധികം റേഡിയോകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അവരെയും റേഡിയോയുടെ ലോകത്തിലേക്ക് കൈപിടിച്ചു.

ENGLISH SUMMARY:

On World Radio Day, meet C.K. Alexander, a retired teacher from Kothamangalam who has cherished a deep bond with the radio for over six decades. At 83, Alexander still considers the radio his most faithful companion, keeping it by his side while working in the field or resting at home. A witness to the golden age of broadcasting, he was honored in 1980 by Union Minister Vasant Sathe as the best radio listener. Having received over twenty radios as awards, he has gifted them to friends and relatives to spread the joy of listening. For Alexander, life begins and ends with the rhythmic sounds and news from his beloved radio set.