ബ്ലെസി– മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീരാ വാസുദേവന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും മീര അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു മീരയുടെ മൂന്നാം വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ മലയാളം സീരിയലിന്‍റെ ക്യാമറാമാനായിരുന്ന പാലക്കാട് സ്വദേശി വിപിനെയാണ് മീര വിവാഹം കഴിച്ചത്. ഇപ്പോള്‍ ആ ബന്ധം തകര്‍ന്നതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തന്‍റെ മൂന്നാം വിവാഹം വലിയൊരു പ്രണയത്തിന്‍റെ പുറത്തെടുത്ത തീരുമാനമായിരുന്നില്ല, മറിച്ച് തന്‍റെ മകനോട് ആ വ്യക്തി കാണിച്ച സ്നേഹവും പരിഗണനയുമാണ് ആ ബന്ധത്തിലേക്ക് തന്നെ നയിച്ചതെന്ന് മീര വാസുദേവൻ പറഞ്ഞു. മകന് നല്ല അച്ഛനെ ലഭിക്കുമെന്ന് കരുതിയിരുന്നതെന്നും എന്നാല്‍ ആ കണക്കുകൂട്ടലുകൾ തെറ്റായിരുന്നുവെന്നും മീര തുറന്നുപറഞ്ഞു. ‘മൂന്ന് മണ്ടൻ വിവാഹങ്ങൾ’ എന്നാണ് കഴിഞ്ഞ ബന്ധങ്ങളെ മീര വിശേഷിപ്പിച്ചത്. തന്‍റെ 17 വര്‍ഷമാണ് താന്‍ കളഞ്ഞതെന്നും മീര പറഞ്ഞു. ആ സമയം സിനിമയ്ക്കോ, ആരോഗ്യത്തിനോ കുടുംബത്തിനോ അങ്ങിനെ തന്‍റെ ജീവിതത്തിന് ഉപകാരപ്രദമായി ചെലവഴിക്കാമായിരുന്നുവെന്നും മീര പറയുന്നു. ‘ഐ ആം വിത്ത് ധന്യ വർമ’ എന്ന അഭിമുഖത്തിലായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍.
‘ആ ബന്ധം എനിക്ക് ചേര്‍ന്നതല്ല എന്ന തോന്നല്‍ എവിടെയെല്ലാമോ ഉണ്ടായിരുന്നു. ഞങ്ങളുടെ മൂല്യങ്ങള്‍ ഒത്തുപോകില്ലായിരുന്നു. ഞാൻ കണ്ട ഒരു വലിയ പ്രശ്നം പങ്കാളിയുടെ അമിതമായ ആശ്രിതത്വമാണ്. പങ്കാളി എന്തിനാണ് എന്നെ ഒരു അമ്മയെപ്പോലെ കണ്ട് ‘സ്പൂൺ ഫീഡ്’ ചെയ്യാൻ ആവശ്യപ്പെടുന്നത്? ഭാര്യ എന്നത് അമ്മയല്ല. നിങ്ങള്‍ക്ക് ബഹുമാനം തോന്നുന്ന, നിങ്ങളെ ബഹുമാനിക്കുന്ന തുല്യനായ ഒരാളെയല്ലേ പങ്കാളിയായി വേണ്ടത്? അമ്മയെപ്പോലെ തന്നെ ശുശ്രൂഷിക്കണം എന്ന് ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ എനിക്ക് കഴിയില്ല’– മീര പറഞ്ഞു. മാത്രമല്ല ശാരീരികവും മാനസികവുമായ പീഡനങ്ങൾ, വിശ്വാസവഞ്ചന, ചതി എന്നിവ ഒരു തരത്തിലും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും മീര വ്യക്തമാക്കി. തന്‍റെ മകന് മുന്നിൽ ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന കരുത്തുറ്റ സ്ത്രീയായി നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മകന് നല്ലൊരു മാതൃകയാകാനാണ് ഇന്നും ശ്രമിക്കുന്നതെന്നും മീര പറഞ്ഞു.
തന്‍റെ വിവാഹജീവിതത്തെ കുറിച്ചും ‘മൂന്ന് വിവാഹങ്ങൾ പരാജയപ്പെട്ട ഒരു സ്ത്രീ’ എന്ന് സമൂഹം മുദ്രകുത്തുന്നതിനെ കുറിച്ചും മീര സംസാരിച്ചു. തന്‍റെ വിവാഹജീവിതം പലർക്കും വെറും ഗോസിപ്പുകൾ മാത്രമായിരിക്കാം. പക്ഷേ തനിക്ക് അത് തന്‍റെ ജീവിതമായിരുന്നെന്ന് മീര പറയുന്നു. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് കാര്യമാക്കാത്തതുകൊണ്ടാണ് അവയെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞതെന്നും ആ കഴിവ് താന്‍ തന്നെ കാലങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്തതാണെന്നും മീര പറഞ്ഞു.
2005ല്‍ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിന്‍റെ മകൻ വിശാൽ അഗർവാളിനെ മീര വിവാഹം ചെയ്തിരുന്നു. എന്നാല്‍ 2010 ൽ അവർ വിവാഹമോചിതരായി. പിന്നീട് 2012 നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അരിഹ് ജോൺ എന്ന മകനുണ്ട്. 2016 ൽ മീരയും ജോണും വേർപിരിഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു വിപിനുമായുള്ള വിവാഹം.