ai generated image
കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ മത്സ്യത്തെ തമിഴ്‌നാട് തീരത്ത് കണ്ടെത്തി. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.
സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുന്നതിന്‍റെ സൂചനയാണ് ഓർ മത്സ്യങ്ങളുടെ സാന്നിധ്യം എന്നാണ് വിശ്വാസം. ഓര്‍ മല്‍സ്യങ്ങള്‍ കടലിനടിയില്‍ നിന്ന് പുറത്തുവരുന്നത്, വരാന്‍ പോകുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണെന്ന് ജപ്പാൻകാര്‍ വിശ്വസിക്കുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 650 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഇവ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുമ്പോഴാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് കരുതപ്പെടുന്നത്. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞ സംഭവം ഈ വിശ്വാസത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഓര്‍ മല്‍സ്യങ്ങളും പ്രകൃതിദുരന്തങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമുദ്രജല പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള മനോഹരമായ ചിറകുമാണ് ഇവയ്ക്കുള്ളത്.