പ്രതീകാത്മക ചിത്രം
ഹൃദയചികിത്സയ്ക്കായി മൊറീഷ്യസില്‍ നിന്നും ചൈന്നയിലേക്കുള്ള യാത്രക്കിടെ എട്ടു ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം. മൂനിഷ്കുമാര്‍–പൂജ ദമ്പതികളുടെ മകളായ ലെഷ്ണയാണ് വിമാനയാത്രക്കിടെ മരിച്ചത്. 320 യാത്രക്കാരുമായി ചെന്നൈയിലേക്കു തിരിച്ച മൊറീഷ്യസ് വിമാനത്തില്‍വച്ചാണ് കുഞ്ഞ് മരിച്ചത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങളോടെ ജനിച്ച കുഞ്ഞിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാനായാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നത്. ചെന്നൈയില്‍ വിമാനമിറങ്ങുന്നതിനു മുന്‍പായി തന്നെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി, തുടര്‍ന്ന് പൈലറ്റ് എടിസിയെ വിവരം അറിയിച്ചു. ലാന്‍ഡിങ്ങിനു പിന്നാലെ മെഡിക്കല്‍സംഘം പാഞ്ഞെത്തി കുഞ്ഞിനെ പരിശോധിച്ചെങ്കിലും യാത്രക്കിടെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയില്‍ പൊട്ടിക്കരഞ്ഞ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ യാത്രക്കാരും ജീവനക്കാരും നന്നേ പാടുപെട്ടു. എയര്‍പോര്‍ട്ട് പൊലീസെത്തി കുഞ്ഞിന്റെ മൃതദേഹം എഗ്മൂറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.