Image Credit: instagram.com/milla.magee__
മിസ് വേൾഡ് സൗന്ദര മൽസരത്തിനെത്തിൽ നിന്ന് പിന്മാറി മിസ്സ് ഇംഗ്ലണ്ട് മില്ല മാഗി. സംഘാടകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് മില്ല ഹൈദരാബാദിൽ നിന്നും യുകെയിലേക്ക് മടങ്ങിയത്. സംഘാടകർ തന്നെയും മറ്റ് മത്സരാർത്ഥികളെയും ചൂഷണം ചെയ്തെന്നും ഒരു വേശ്യയെപ്പോലെ തോന്നിപ്പിച്ചുവെന്നും നാട്ടിലെത്തിയ ശേഷം മില്ല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വ്യക്തിപരവും ധാർമ്മികവുമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മിസ്സ് വേൾഡ് മത്സരത്തിൽ നിന്നും മില്ല മാഗി പിന്മാറിയത്. രാവിലെ മുതൽ മുഴുവൻ സമയവും മേക്ക്അപ്പും ബോൾ ഗൗണും ധരിക്കേണ്ടി വന്നു. പരിപാടിക്ക് പണം നൽകി സഹായിച്ചരോട് നന്ദി പറയാൻ സ്പോൺസർമാരായ മധ്യവയസ്കരുമായി ഇടപഴകാൻ സംഘാടകർ ആവശ്യപ്പെട്ടു എന്നും മില്ല പറയുന്നു.
'ആറ് അതിഥികളുള്ള ഓരോ മേശയിലും രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു. നന്ദി സൂചകമായി വൈകുന്നേരം മുഴുവൻ അവരോടൊപ്പം ഇരുത്തി. മിസ് വേൾഡിനും മൂല്യങ്ങൾ ഉണ്ടായിരിക്കണം. എന്നാല്‍ ഇത് പഴയകാലത്ത് തങ്ങി നില്‍ക്കുകയാണ്. അവർ എന്നെ ഒരു വേശ്യയെപ്പോലെ തോന്നിപ്പിച്ചു' എന്നും മില്ല പറഞ്ഞു. ഒരു മാറ്റമുണ്ടാക്കാൻ വേണ്ടിയാണ് അവിടെ പോയത്. പക്ഷേ കുരങ്ങന്മാരെ പോലെ അഭിനയിക്കേണ്ടി വന്നു. ധാർമ്മികമായി, എനിക്ക് അതിന്റെ ഭാഗമാകാൻ കഴിയില്ലെന്നും മില്ല കൂട്ടിച്ചേര്‍ത്തു.
74 വർഷത്തെ ചരിത്രത്തിൽ മിസ് ഇംഗ്ലണ്ട് കിരീടം നേടിയ ആൾ ആദ്യമായാണ് ലോക സൗന്ദര്യ മൽസരത്തിൽ നിന്നും പിന്മാറുന്നത്. ഫൈനലിന്റെ പ്രചാരണ പരിപാടികൾക്കായി മേയ് ഏഴിനാണ് മില്ല ഹൈദരാബാദിലെത്തിയത്. പ്രശ്നങ്ങളെ തുടര്‍ന്ന് 16 നായിരുന്നു നാട്ടിലേക്ക് മടക്കം. അതേസമയം മില്ല മാഗിയുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് തെലങ്കാന സര്‍ക്കാറിന്‍റെ സ്പെഷ്യൽ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു. തെലങ്കാനയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് മാഗിയുടെ ആരോപണങ്ങൾ അന്വേഷിച്ചത്.