ഹൈദരാബാദില്‍ മലയാളി വ്യവസായിയെ വെടിവച്ചു വീഴ്ത്തിയശേഷം കൊള്ളയടിച്ചു. കോഴിക്കോട് കുട്ടികളുടെ വസ്ത്രനിര്‍മാണ യൂണിറ്റ് നടത്തുന്ന വി.പി. റിന്‍ഷിദ് കാലില്‍ വെടിയേറ്റ പരുക്കുകളോടെ ചികിത്സയിലാണ്. ചാര്‍മിനാറിനു ചേര്‍ന്നുള്ള ബാങ്ക് സ്ട്രീറ്റില്‍ ശനിയാഴ്ച രാവിലെയാണു സംഭവം.
കോഴിക്കോട്ടെ വസ്ത്ര നിര്‍മാണ യൂണിറ്റിലേക്കു തുണിവാങ്ങുന്നതിനായി ജനുവരി 7നാണു റിന്‍ഷിദ് ഹൈദരാബാദിലെത്തിയത്. നമ്പള്ളിയിലെ ബന്ധുവായ വി.മിസ്ബാന്‍ എന്നയാളോടൊപ്പം പല ഹോള്‍സെയില്‍ കടകളിലും തിരഞ്ഞെങ്കിലും തുണികിട്ടിയിരുന്നില്ല. തുടര്‍ന്ന് മിസ്ബാന്റെ നിര്‍ദേശ പ്രകാരം കയ്യിലുണ്ടായിരുന്ന 6 ലക്ഷം രൂപ എ.ടി.എം കൗണ്ടര്‍ വഴി അക്കൗണ്ടിലേക്കു നിക്ഷേപിക്കാനെത്തിയപ്പോഴാണു വെടിവെയ്പ്പും കൊള്ളയുമുണ്ടായത്. ബാങ്ക് സ്ട്രീറ്റ് റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മില്‍ നില്‍ക്കുന്നതിനിടെ രണ്ടംഗ സംഘമെത്തി വയറിലേക്കു തൂക്കുചൂണ്ടി പണം ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ വെടിവച്ചു. ഒരു വെടിയുണ്ട വലതുകാലില്‍ തുളച്ചുകയറി. മറ്റൊന്നു ചുമരില്‍തട്ടിതെറിക്കുകയും ചെയ്തു. ഈസമയം കൊണ്ട്, പണമടങ്ങിയ ബാഗും റിന്‍ഷിദിന്റെ ഇരുചക്രവാഹനത്തിന്റെ ചാവിയുമായി സംഘം രക്ഷപെട്ടു. വിവരമറിഞ്ഞത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കാലില്‍ പരുക്കേറ്റ റിന്‍ഷിദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയലാണ്. അതേ സമയം ബന്ധു മിസ്ബാന് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന സംശയമുയര്‍ന്നിട്ടുണ്ട്. ഇത്രയും തുകയുമായി റിന്‍ഷിദ് അതിരാവിലെ ബാങ്കില്‍പോകുന്നതു അടുപ്പക്കാര്‍ക്കു മാത്രമേ അറിയൂവെന്നാണു മൊഴി.