ഭീകരത അടക്കം അശാന്തി പരത്തുന്ന ഒന്നിനെയും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിയുണ്ടക്ക് വെടിയുണ്ടയാൽ തന്നെ ഇന്ത്യ മറുപടി നൽകുന്നു എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. അതേസമയം ഇന്ത്യയുടെ വിദേശനയം തകര്‍ന്നിരിക്കുന്നു എന്നും സര്‍ക്കാരിന് ഒന്നിനും മറുപടിയില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
റൈസിങ് നോര്‍ത്ത് ഈസ്റ്റ് നിക്ഷേപക സംഗമത്തില്‍ ഉറച്ച ശബ്ദത്തിലാണ് ഭീകരതയോടും നക്സലിസത്തോടും വിട്ടു വീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പഹൽഗാം ആക്രമണം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു എന്നും ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്‍ തുറന്നുകാട്ടപ്പെട്ടു എന്നും ബിഎസ്എഫ് പരിപാടിയില്‍ ആഭ്യന്തമന്ത്രി അമിത് ഷായും പറഞ്ഞു.
എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മറ്റു രാജ്യങ്ങൾ ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരേ തട്ടിൽ കാണുന്നത് എന്തുകൊണ്ട്? പാക് നടപടികളെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തുകൊണ്ട്? ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടത് ആരാണ് എന്നീ ചോദ്യങ്ങള്‍ രാഹുൽഗാന്ധി ആവർത്തിച്ചു. ഡച്ചുമാധ്യമത്തിന് എസ് ജയശങ്കർ നൽകിയ അഭിമുഖം പങ്കുവെച്ചായിരുന്നു ചോദ്യങ്ങൾ . രാഹുൽ ഗാന്ധി ശത്രു രാജ്യത്തിൻറെ അജണ്ടയാണ് ഉയർത്തുന്നതെന്ന് ബിജെപി ആരോപിച്ചു. ഈ മാസം 30ന് പ്രധാനമന്ത്രി പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബത്തെ കാണും.