പ്രശസ്ത യുട്യൂബറും ബിജെപി നേതാവുമായ മനീഷ് കശ്യപിനെ ആക്രമിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍. പാറ്റ്ന മെഡിക്കല്‍ കോളജിലാണ് സംഭവം. ആക്രമണത്തെത്തുടര്‍ന്ന് പരുക്കേറ്റ യുട്യൂബര്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ആശുപത്രിയിലെത്തിയ മനീഷ് കശ്യപ് വനിതാ ഡോക്ടറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം മൂത്തപ്പോള്‍ യുട്യൂബര്‍ ആശുപത്രിക്കുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രശ്നം വഷളാവുകയും ജൂനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് മനീഷിനെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറോളം ഒരു മുറിയില്‍ പൂട്ടിയിട്ടതായും മര്‍ദിച്ചതായും മനീഷ് ആരോപിച്ചു.
അതേസമയം വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതാണ് മനീഷിനെ കൈവയ്ക്കാന്‍ കാരണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങളും മനീഷ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. യുട്യൂബറെ പിന്തുണച്ചും ചീത്തവിളിച്ചും ഫോളോവേഴ്സ് രംഗത്തെത്തി.
അതേസമയം അത്തരമൊരു സംഭവവും ആശുപത്രിയില്‍ നടന്നില്ലെന്നായിരുന്നു മനീഷ് കശ്യപിന്റെ സുഹൃത്തിന്റെ പ്രതികരണം. വിഷയത്തില്‍ ഇടപെട്ട പിര്‍ബാഹോര്‍ പൊലീസ് ഇരുവിഭാഗവുമായും സംസാരിച്ചു പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഇതുവരേയും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.