തുടരുന്ന ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യ 40,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങുന്നു. സായുധ സേനകൾക്കുള്ള അടിയന്തര ആയുധ സംഭരണ അധികാരം വഴിയാണ് വെടികോപ്പുകളും ഡ്രോണുകളും വാങ്ങുന്നത്. ആവശ്യമെങ്കിൽ കൂടുതൽ തുകയും അനുവദിക്കും.
പാക്കിസ്ഥാനുമായി ധാരണയായെങ്കിലും അത് എത്രകാലം എന്ന ചോദ്യം ബാക്കിയാണ്. അതുകൊണ്ടാണ് സായുധസേനകൾ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് നാൽപ്പതിനായിരം കോടിയിലേറെ രൂപയുടെ ആയുധങ്ങൾ വാങ്ങുന്നത്. കാമിക്കാസെ ഡ്രോണുകൾ, നിരീക്ഷണ ഡ്രോണുകൾ, പീരങ്കി ഷെല്ലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ ദീർഘദൂര സ്മാർട്ട് വെപ്പണുകൾ, വിവിധ തരത്തിലുള്ള റോക്കറ്റുകളും മിസൈലുകളുമാണ് ഇന്ത്യ വാങ്ങുന്നത്.
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ആക്രമണ പ്രതിരോധ സംവിധാനങ്ങളുടെ മികവ് തെളിയിച്ചു. സൈനിക ബലാബലത്തിലെ ഈ മേൽക്കോയ്മ തുടരാനാണ് വെടിക്കോപ്പുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നത്. ദീർഘദൂര ലോയിറ്ററിങ് മ്യൂണിഷനുകളുടെ മികവ് പാക്കിസ്ഥാനുമായുള്ള സംഘർഷത്തോടെ ഇന്ത്യയ്ക്ക് ബോധ്യമായി. പ്രതിരോധമന്ത്രി അധ്യക്ഷനായ സംഭരണ കൗൺസിലാണ് അടിയന്തര സ്വഭാവത്തിൽ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകിയത്. പ്രതിരോധ മന്ത്രാലയത്തിലെയും സൈനിക തലങ്ങളിലെയും വിവിധ ഉദ്യോഗസ്ഥർ യോഗം ചേർന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ആയുധ ഇടപാട് പൂർത്തിയാകും.