ഇന്ത്യന്‍ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നെന്ന് കേന്ദ്രം. സുരക്ഷാ കാര്യ മന്ത്രിതല സമിതി യോഗം ഓപ്പറേഷന്‍ സിന്ദൂരും തുടര്‍ നടപടികളും വിലയിരുത്തി. ദൗത്യം വിജയമാക്കിയ സൈന്യത്തെ രാഷ്ട്രപതിയും മന്ത്രിസഭാ യോഗവും അഭിനന്ദിച്ചു.
ഇന്ത്യയുടെ പ്രത്യാക്രമണം പാക് വ്യോമസേനയ്ക്കുമാത്രം ഭീമമായ നഷ്ടമുണ്ടാക്കിയെന്നാണ് കേന്ദ്രം പങ്കുവയ്ക്കുന്ന പുതിയ വിവരം. അടിസ്ഥാന സൗകര്യങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലുമടക്കം വ്യോമസേനയ്ക്ക് 20 ശതമാനത്തോളം നഷ്ടമുണ്ടായി. വ്യാമതാവളങ്ങളിലുണ്ടായിരുന്ന ‘എഫ്-16, ജെ-17 ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങളും തകർന്നു. സ്ക്വാഡ്രൺ ലീഡറും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50ലധികം പേർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ ബങ്കറുകളും പാക് സൈനിക പോസ്റ്റുകളും തകർത്തതായും കേന്ദ്രം അറിയിച്ചു.
വ്യോമതാവളങ്ങൾ ആക്രമിച്ചതടക്കമുള്ള ദൃശ്യങ്ങൾ സേന നേരത്തെ പുറത്തുവിട്ടിരുന്നു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്നു ചേര്‍ന്ന ആദ്യ മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ – പാക് സംഘര്‍ഷത്തിലെ തുടര്‍സമീപനം ചര്‍ച്ചയായി. കേന്ദ്രമന്ത്രസഭാ യോഗം സൈന്യത്തെ പ്രശംസിച്ചു.
സംയുക്ത സേന മേധാവിയും മൂന്ന് സേനാമേധാവിമാരും രാഷ്ട്രപതിയെ കണ്ട് ഓപ്പറേഷൻ സിന്ദൂര്‍ വിശദീകരിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ തിരിച്ചടി മികച്ച വിജയമായെന്ന് പറഞ്ഞ രാഷ്ട്രപതി സായുധ സേനയുടെ ധീരതയെയും സമർപ്പണത്തെയും അഭിനന്ദിച്ചു. സുരക്ഷാ മുന്‍കരുതലായി വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ വാഹനവ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അനുവദിച്ചു. ഇന്ത്യ – പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.