ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമണം തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ലഡാക് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍കാലികമായി അടച്ചു. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. സ്കൂളുകളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പാക് ആക്രമണം ഉണ്ടായതായി സൈന്യം വെളിപ്പെടുത്തിയിരുന്നു. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയത്.
മുൻകരുതൽ നടപടിയായി കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സ്കൂളുകളും കോളേജുകളും സർവകലാശാലകളും അടച്ചിടാൻ സംസ്ഥാന സർക്കാർ വ്യാഴാഴ്ച ഉത്തരവിട്ടതിനെ തുടർന്നാണ് ജമ്മു-കാശ്മീരിൽ ഈ തീരുമാനം. തിങ്കളാഴ്ച സ്കൂളുകൾ അടയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ലേയിലെ എല്ലാ സ്കൂളുകളും ഇതേ കാലയളവിൽ അടച്ചിടുമെന്നും ഭരണകൂടം പ്രഖ്യാപിച്ചു.
പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ ഡൽഹിയിലെ ചില സ്വകാര്യ സ്കൂളുകളും ഓൺലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ തീരുമാനിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ബിക്കാനീർ, ജോധ്പുര്‍, ജയ്സല്‍മേര്‍, ബാർമർ ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ജോധ്പുറില്‍ സ്കൂളുകൾക്ക് പുറമേ എല്ലാ കോളേജുകളും അടച്ചിടാനും ഉത്തരവുണ്ട്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പഞ്ചാബിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത ദിവസങ്ങളില്‍ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. ജമ്മു ഡിവിഷനിൽ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ എല്ലാ സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും താല്‍കാലികമായി അടച്ചു.