chandigrah-civil-defence

അതിര്‍ത്തിയിലെ ഇന്ത്യ– പാക്ക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയറാകാന്‍ ഒഴുകിയെത്തി ജനകൂട്ടം. ചണ്ഡിഗഡ് ഭരണകൂടം ശനിയാഴ്ച നടത്തിയ പരിപാടിയിലേക്കാണ് യുവതി യുവാക്കളുടെ ഒഴുക്കുണ്ടായത്. ചണ്ഡിഗഡിലെ ടാഗോര്‍ തിയേറ്ററില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി പിന്നീട്  സെക്ടർ 17 ലെ തിരംഗ ഗ്രൗണ്ടിലേക്ക് മാറ്റി. 

വളണ്ടിയര്‍ പ്രോഗ്രാമിലേക്ക് 12.15 ന് എത്താനായിരുന്നു നല്‍കിയ നിര്‍ദ്ദേശം. 18 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് ഭരണകൂടം ക്ഷണിച്ചത്. എന്നാല്‍ രാവിലെ എട്ടിന് മുന്‍പ് 'വന്ദേമാതരം' 'ഭാരത് മാതാ കീ ജയ്' വിളികളോടെ നൂറുകണക്കിന് യുവതിയുവാക്കളാണ് മൈതാനത്തേക്ക് എത്തിയത്. പരിക്കേല്‍ക്കുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നൽകൽ, പരിക്കേറ്റ വ്യക്തിയെ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകൽ, തീ അണയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

സൈന്യത്തെ പിന്തുണയ്ക്കാനാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്ന് പരിപാടിക്കെത്തിയ ചണ്ഡിഗഡില്‍ നിന്നുള്ള മുസ്കാന്‍ പറഞ്ഞു. 'സൈന്യം ഞങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. തിരിച്ച് സൈന്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്' എന്നായിരുന്നു മുസ്കാന്‍റെ വാക്കുകള്‍. 'രാജ്യത്തിനായി എന്‍റെ രക്തം നല്‍കാന്‍ തയ്യാറാണ്. ഞങ്ങൾ ഫോം ഫയൽ ചെയ്തിട്ടുണ്ട്; ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്' പരിപാടിക്കെത്തിയ കരണ്‍ ചോപ്ര പറഞ്ഞു. 

ENGLISH SUMMARY:

Amid rising India–Pakistan border tensions, large crowds of youths flocked to enroll as Civil Defence volunteers during an event organized by the Chandigarh administration, later shifted to Sector 17's Tiranga Ground due to overwhelming response.