ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്കര്‍ ഇ തയിബയുടെ ആസ്ഥാനത്തിന് നാശമുണ്ടായതായി സമ്മതിച്ച് കമാന്‍ഡര്‍ ഹഫീസ് അബ്ദുള്‍ റൗഫ്. മേയ് 6-7 രാത്രികളിലായി നടന്ന സൈനിക നടപടി 'വലിയ ആക്രമണം' എന്നാണ് റൗഫ് വിശേഷിപ്പിച്ചത്. ഇന്ത്യയുടെ നടപടിയില്‍ മുരിദ്കെയിലെ ആസ്ഥാനം തകര്‍ന്നെന്നാണ് ഹഫീസ് പൊതുപരിപാടിയില്‍ പറഞ്ഞത്.
'മേയ് 6-7 തീയതികളിൽ അവിടെ എന്താണോ സംഭവിച്ചത്, അതിനുശേഷം ആ സ്ഥലം ഇപ്പോൾ ഒരു പള്ളിയല്ല. ഇന്ന് നമുക്ക് അവിടെ ഇരിക്കാൻ പോലും കഴിയില്ല. എല്ലാം അവസാനിച്ചു; അത് തകർന്നു വീണു' എന്നായിരുന്നു റൗഫിന്‍റെ വാക്കുകള്‍. യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് റൗഫ്. ഭീകകരെ പരിശീലിപ്പിക്കുന്നതും പാക്ക അധീന കശ്മീരിലെ പാക്ക് സൈന്യത്തിന്‍റെ സഹായത്തോടെയുള്ള ലോഞ്ച് പാഡുകളില്‍ എത്തിക്കുന്നതും റൗഫിന്‍റെ നേതൃത്വത്തിലാണ്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകകരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് റൗഫ് നേതൃത്വം നൽകിയിരുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മസ്ജിദ് വാ മര്‍കസ് തയിബ സ്ഥിതി ചെയ്യുന്നത്. ലഷ്കര്‍ ഇ തയിബയുടെ ആശയങ്ങളും പ്രബോധനങ്ങളും കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്രമാണിത്. പാക്കിസ്ഥാന്‍റെ ‘ടെറര്‍ നഴ്സറി’ എന്നറിയപ്പെടുന്ന 82 ഏക്കര്‍ വരുന്ന കോംപ്ലക്സ്. റിക്രൂട്ട്മെന്റ്, ആയുധപരിശീലനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,മദ്രസകള്‍, റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ ഈ കേന്ദ്രത്തിലുണ്ട്. വിദേശത്തുനിന്നും ആ പ്രദേശത്തുനിന്നുള്‍പ്പെടെ ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ഥികള്‍ വര്‍ഷംതോറും മുരിദ്കെയില്‍ എത്തിച്ചേരുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പുരുഷന്‍മാരുടെ റിക്രൂട്ട്മെന്റിനായി സുഫ അക്കാദമിയും സ്ത്രീകള്‍ക്കായി മറ്റൊരു സംഘടനയും മുരിദ്കെയിലുണ്ട്. ഐഎസ്ഐയുടെ നേതൃത്വത്തില്‍ അജ്മല്‍ കസബിനു പരിശീലനം ലഭിച്ചതും ഈ കേന്ദ്രത്തില്‍വച്ചാണ്. മുരിദ്കെ ലക്ഷ്യം വച്ചതിലൂടെ ഭീകരരുടെ അടിസ്ഥാന താവളം നശിപ്പിക്കുക എന്നതുമാത്രമല്ല ഇന്ത്യ ലക്ഷ്യംവച്ചത് മറിച്ച് ആഗോള ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിനെതിരായ പ്രതീകാത്മക പ്രതിരോധം കൂടിയാണ് നടത്തിയത്. ഭീകരസംഘടനകള്‍ക്കെതിരെ വ്യക്തമായും ശക്തമായും സന്ദേശം നല്‍കുക കൂടിയാണ് ഇന്ത്യ ചെയ്തത്.