oppossi

ഭീകരതയ്ക്കെതിരായ ധീരമായ ചുവടുവെപ്പിൽ അഭിനന്ദനവും പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ. ഭീകരക്യാമ്പുകളെ തുടച്ച് നീക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിനും സർക്കാരിനുമൊപ്പമെന്നും കോൺഗ്രസ്. ധീരതയുടെ വിജയമെന്ന് എസ് പിയും, 'ജയ് ഹിന്ദ് ജയ് ഇന്ത്യ' എന്ന് ടിഎംസിയും പ്രതികരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന്‌ ശക്തമായ തിരിച്ചടി നൽകി നീതി നടപ്പാക്കിയ സേനയ്ക്കും സർക്കാരിനും ഒറ്റ സ്വരത്തിൽ പ്രതിപക്ഷത്തിന്റെ അഭിനന്ദനം. സൈന്യത്തെ ഓർത്ത് അഭിമാനം എന്ന് രാഹുൽ ഗാന്ധി.

സൈന്യത്തിന് നിരുപാധികം പിന്തുണയെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. നീതി നടപ്പാക്കി എന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിയും വ്യക്തമാക്കി.

ധീരരായ സൈനികർ  സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു എന്നും ക്ഷമയോടും ധൈര്യത്തോടും വെല്ലുവിളികളെ നേരിടാൻ അവർക്കാകട്ടെ എന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. പരിഷ്കൃത ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് കെ സി വേണുഗോപാലും പറഞ്ഞു.

ഭീകരവാദത്തോട് സന്ധിയില്ല എന്ന ശക്തമായ സന്ദേശം നൽകി എന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്യുന്നു എന്നും ഭീകരത തുടച്ച് നീക്കാൻ തുടർനടപടികൾ പ്രതീക്ഷിക്കുന്നു എന്നും സി പി എം. 

ഇനിയൊരു പഹൽഗാം ഉണ്ടാകാതിരിക്കാനുള്ള ശക്തമായ മറുപടി എന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ഭീകരതയും വിഘടനവാദവും രാജ്യത്ത് അനുവദിക്കില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവർത്തിച്ചു. ധീരതയുടെ വിജയം എന്ന് അഖിലേഷ് യാദവ് എങ്ക്സിൽ കുറിച്ചു.