പബ്ജി ഗെയിമിലൂടെ പ്രണയത്തിലാവുകയും ഒടുവില്‍ കാമുകനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന്  ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ യുവതി സീമ ഹൈദറും സ്വദേശത്തേക്ക് മടങ്ങേണ്ടിവരും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക് പൗരന്‍മാരോട് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പാകിസ്ഥാന്‍കാരുടെയും വിസ റദ്ദാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനെതിരെ കടുത്ത നയതന്ത്രനടപടികളും രാജ്യം സ്വീകരിച്ചിരുന്നു.

സീമാ ഹൈദറിനും സ്വദേശത്തേക്ക് മടങ്ങേണ്ടി വരുമെന്നും എന്നാല്‍ അവരുടെ കേസിന് പ്രത്യേക പരിഗണന നല്‍കേണ്ട ചില സങ്കീര്‍ണതകളുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ അബൂബക്കര്‍ സബ്ബാഖ് പറയുന്നു. ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍. സീമ ഹൈദര്‍ ഇന്ത്യക്കാരനെ വിവാഹം കഴിക്കുകയും ഒരു കുഞ്ഞുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ക്കെതിരായ ഏത് നടപടിയും സംസ്ഥാന അധികാരികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുമെന്നും അഭിഭാഷകന്‍ പറയുന്നു.

വിസയിലൂടെ രാജ്യത്തെത്തിയ മറ്റ് പാകിസ്ഥാന്‍ പൗരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി സാധാരണ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കി നേപ്പാള്‍ വഴിയാണ് സീമ രാജ്യത്ത് എത്തിയത്. ഇവര്‍ക്ക് ഇതുവരെയും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല.

കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിച്ചുവരവെ, നോയിഡ സ്വദേശിയായ കാമുകന്‍ സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനാണ് സീമ ഹൈദര്‍ കുട്ടികളുമായി രണ്ടുവര്‍ഷം മുന്‍പ് ഇവിടെയെത്തിയത്. നേപ്പാള്‍ അതിര്‍ത്തി വഴി നിയമവിരുദ്ധമായാണ് ഇവര്‍ രാജ്യത്ത് പ്രവേശിച്ചത്. അനധികൃതമായി താമസിക്കുന്നെന്ന കുറ്റത്തിന് സീമയെയും സംരക്ഷണം നല്‍കിയ സച്ചിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് പരിഗണിച്ച നോയിഡയിലെ കോടതി ഇരുവരെയും ജാമ്യത്തില്‍വിട്ടു. മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ ഇവര്‍ തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Seema Haider, a Pakistani woman who fell in love with an Indian man through the online game PUBG and later came to India to marry him, may have to return to Pakistan. Following the recent terror attack in Pahalgam, in which 26 people were killed, the Indian central government has ordered all Pakistani nationals to leave the country. As part of this directive, all Pakistani visas have been cancelled. India has also taken strong diplomatic measures against Pakistan in the wake of the attack.