AI Generated Image
ജെയ്ഷെ മുഹമ്മദ് സംഘടനയുടെ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ മോമിനാത്ത്’ന്റെ വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്. 5,000ത്തില്‍ അധികം സ്ത്രീകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും പരിശീലിപ്പിക്കുന്നതായും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വനിതാവിഭാഗത്തിലെ അംഗങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു.
ആഴ്ചകള്‍ക്കുള്ളിലുള്ള ഈ അംഗബലവര്‍ധന അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും പരിശീലനത്തിനെത്തുന്ന സ്ത്രീകള്‍ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തിയെന്ന് പ്രതികരിച്ചതായും പോസ്റ്റില്‍ പറയുന്നു. എല്ലാ ജില്ലകളിലും ‘മുംതാസിമ’ (മാനേജര്‍) സ്ഥാനത്തേക്ക് ഒരു വനിതയെ നിയമിക്കുമെന്നാണ് വിവരം.
ഒക്ടോബര്‍ 8ന് ജെയ്ഷെ ആസ്ഥാനത്ത് ആരംഭിച്ച സംഘടനയില്‍ പാക്കിസ്ഥാനിലെ ബഹവല്‍പൂര്‍, മുല്‍ട്ടാന്‍, സിയാല്‍ക്കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ട്‌ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് നിലവില്‍ അംഗങ്ങളായത്. മസൂദ് അസറിന്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉൽ മോമിനാത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ലാണ് സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ ഭാര്യ ആഫിറയും ഭീകരവിഭാഗത്തിലെ മറ്റൊരു പ്രധാന മുഖമാണ്.
വനിതകള്‍ക്ക് ഓൺലൈനായാണ് പരിശീലനം നൽകുന്നത്. 40മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസിനായി 500രൂപയാണ് ഫീസ് നല്‍കേണ്ടത്. ഐഎസ്,ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളെപ്പോലെ സ്ത്രീകളെ പരിശീലിപ്പിച്ച് ചാവേറാക്രമണങ്ങൾ നടത്താൻ തയ്യാറാക്കുകയാണ് ലക്ഷ്യം. ‘ദൗറ ഇ തസ്ക്കിയ’ എന്ന പേരില്‍ പതിനഞ്ചു ദിവസത്തെ ഒരു ഇന്‍ഡക്ഷന്‍ കോഴ്സ് കൂടി ഇവര്‍ക്കുവേണ്ടി നടത്തപ്പെടുന്നുണ്ട്. പരിചയമില്ലാത്ത ഒരു പുരുഷനുമായും സംസാരിക്കരുതെന്നതുള്‍പ്പെടെ വനിതകള്‍ക്ക് കര്‍ശനനിയന്ത്രണങ്ങളും അംഗത്വത്തിന്റെ ഭാഗമായി വരുന്നുണ്ട്. ഭര്‍ത്താവിനോടല്ലാതെ മറ്റാരോടും സംസാരിക്കാന്‍ സംഘടന താല്‍പ്പര്യപ്പെടുന്നില്ലെന്ന് ചുരുക്കം.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെയാണ് വനിതാവിഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകളും തലക്കെട്ടുകളാകുന്നത്. ഫരീദാബാദില്‍ സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതിനു പിന്നാലെ അറസ്റ്റിലായ ഡോ. ഷഹീന്‍ സയിദും ജെയ്ഷെ വനിതാ വിഭാഗം പ്രവര്‍ത്തകയായിരുന്നു.