ലൊസാഞ്ചലസില്‍ പുതുവല്‍സരാഘോഷത്തിനിടെ ബോംബാക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്ത് എഫ്ബിഐ. സ്ഫോടകവസ്തുക്കൾ പരീക്ഷിക്കുന്നതിനായി കഴിഞ്ഞയാഴ്ച ലൊസാഞ്ചലസിന് കിഴക്കുള്ള മരുഭൂമിയിലേക്കുള്ള യാത്രക്കിടെയാണ് ഭീകരെ പിടികൂടി. പലസ്തീൻ അനുകൂല സർക്കാർ വിരുദ്ധ ഗ്രൂപ്പിന്‍റെ ഭാഗമായ ടർട്ടിൽ ഐലൻഡ് ലിബറേഷൻ ഫ്രണ്ടിലെ അംഗങ്ങളാണ് അറസ്റ്റിലായത്. തെക്കൻ കലിഫോർണിയയില്‍ അഞ്ചിടത്ത് ഏകോപിത ബോംബാക്രമണം നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം.
ഓഡ്രി ഇല്ലീൻ കരോൾ (30), സക്കറി ആരോൺ പേജ് (32), ഡാന്‍റേ ഗാഫീൽഡ് (24), ടിന ലായ് (41) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. ഡിസംബർ 12 ന് ബോംബ് നിര്‍മാണത്തിനുള്ള രാസവസ്തുക്കളുമായി മരുഭൂമിയിലേക്ക് യാത്രചെയ്യുന്നതിനിടെ നിരീക്ഷണ വിമാനങ്ങള്‍ ഇവരെ കണ്ടെത്തുകയായിരുന്നു. പിന്നാലെ ലൊസാഞ്ചലസ് എഫ്ബിഐ സ്വാറ്റ് ടീമും എഫ്ബിഐയും സ്ഥലത്തെത്തി നാലുപേരെയും അറസ്റ്റ് ചെയ്തു. സംഘം അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള നിരീക്ഷണ ദൃശ്യങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
പുതുവല്‍സര ദിനത്തില്‍ അര്‍ധരാത്രി രണ്ട് ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു സംഘം ഗൂഢാലോചന നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. ജനുവരിയിലോ ഫെബ്രുവരിയിലോ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാരെയും വാഹനങ്ങളെയും ആക്രമിക്കുന്നതിനും സംഘം ഗൂഢാലോചന നടത്തിയതായി അധികൃതര്‍ അറിയിച്ചു. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എഫ്ബിഐ അറിയിച്ചു.