കൊല്ലപ്പെട്ട സന്തോഷ് (image: x.com/MangeshDPhalle), PTI
പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. നിരായുധരായ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് സൈനിക വേഷത്തിന് സമാനമായ വേഷം ധരിച്ചെത്തിയ ഭീകരര്‍ നിറയൊഴിച്ചതെന്ന് ആക്രമണത്തില്‍ നിന്നും രക്ഷപെട്ട അസാവരി ജഗ്ദാലെ ഓര്‍ത്തെടുക്കുന്നു. വെടിവയ്പ് കണ്ടതും ടെന്‍റിനുള്ളില്‍ രക്ഷതേടി കുടുംബമായി ഒളിച്ചുവെന്നും അവിടേക്കെത്തിയ ഭീകരര്‍ അച്ഛനായ സന്തോഷിനോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും ഉറക്കെ ബാങ്കുവിളിക്കാന്‍ പറഞ്ഞുവെന്നും അസാവരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബാങ്കുവിളിക്കാന്‍ സാധിക്കാതിരുന്നതിന് പിന്നാലെ നെറ്റിയിലും പുറത്തും ചെവിക്ക് പിന്നിലുമായി വെടിയുതിര്‍ത്തുവെന്നും അവര്‍ പറഞ്ഞു. പൂണെയില്‍ വ്യവസായി ആയിരുന്നു കൊല്ലപ്പെട്ട സന്തോഷ് ജഗ്ദാലെ. ഇന്നലെ പുലര്‍ച്ചെയോടെയാണ് അസാവരിയുടെ കുടുംബം ജമ്മു കശ്മീരില്‍ എത്തിയത്.
Anantnag: Security personnel rush to the spot after terrorists attacked a group of tourists at Pahalgam, in Anantnag district, Jammu & Kashmir, Tuesday, April 22, 2025. At least 12 people suffered injuries in the attack, according to officials. (PTI Photo)(PTI04_22_2025_000274B)
'മാതാപിതാക്കള്‍ ഉള്‍പ്പടെ അഞ്ചുപേരാണ് ഞങ്ങള്‍ ഉണ്ടായിരുന്നത്. മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഞങ്ങളുണ്ടായിരുന്നത്. പെട്ടെന്ന് വെടിവയ്പ് ആരംഭിക്കുകയായിരുന്നു'– അസാവരി പറയുന്നു. അഞ്ചുമണിക്കൂറോളം വെടിവയ്പ് നീണ്ടു നിന്നുവെന്നും 26കാരിയായ അവര്‍ ഓര്‍ത്തെടുത്തു. തന്നെയും അമ്മയെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെയും ഭീകരര്‍ വെറുതേ വിട്ടുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥലത്ത് നിന്നും മാറ്റി പഹല്‍ഗാം ക്ലബിലേക്ക് എത്തിച്ചതെന്നും അസാവരി വെളിപ്പെടുത്തി.
ഭീകരരുടെ വെടിയേറ്റെങ്കിലും അച്ഛനും അമ്മാവനും കൊല്ലപ്പെട്ട വിവരം അസാവരി അറിഞ്ഞിട്ടില്ല. അഞ്ച് തവണയാണ് അസാവരിയുടെ അമ്മാവന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവ സമയത്ത് സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. 20 മിനിറ്റോളം വൈകിയാണ് പൊലീസും സൈന്യവും സ്ഥലത്തെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വിദേശികള്‍ ഉള്‍പ്പടെ 26 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ അനന്ത്നാഗിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്ക് പുറമെ 12 പേര്‍ കൂടി പരുക്കേറ്റ് ചികില്‍സയിലാണ്. എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
നിരായുധരായ മനുഷ്യര്‍ക്ക് നേരെ നിറയൊഴിച്ചതിന്‍റെ ഉത്തരവാദിത്തം ലഷ്കര്‍ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു.