ബംഗാളിലുണ്ടായ സംഘർഷം ക്രൂരമെന്ന് ഗവർണർ സി.വി. ആനന്ദബോസ്. സംഘർഷ ബാധിത മേഖലകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ദേശീയ വനിതാ കമ്മിഷനും തെളിവെടുപ്പ് നടത്തി. സംഘര്‍ഷത്തിന് പിന്നില്‍ അമിത് ഷായാണെന്നും സി.വി. ആനന്ദബോസ് ബി.ജെ.പി. ഏജന്റാണെന്നും തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
രൂക്ഷമായ സംഘര്‍ഷം നടന്ന മുര്‍ഷിദാബാദിലാണ് ഇന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസും വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രാഹത്കറും സന്ദര്‍ശനം നടത്തിയത്. ധുലിയാനിൽ അച്ഛനും മകനും കൊല്ലപ്പെട്ട കുടുംബത്തെയും ഗവർണർ കണ്ടു. ക്രൂരമായ ആക്രമണമാണ് നടന്നതെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിരം ബിഎസ്എഫ് പോസ്റ്റ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെന്നും ഗവർണർ പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളിൽ എത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷ സംഘർഷത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ദുരിതം വിവരണാതീതമാണെന്നും തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും വിജയ രാഹത്കര്‍ പറഞ്ഞു. നാളെയും തെളിവെടുപ്പ് തുടരും.