സൗത്ത് ബിഹാര്‍ എക്‌സ് പ്രസിലെ സെക്കന്‍ഡ് എസി കോച്ചിലാണ് എലി ശല്യം കാരണം യാത്രക്കാരന്‍ ബുദ്ധിമുട്ടിലായത്. 2,000 രൂപയില്‍ കൂടുതലാണ് ടിക്കറ്റിന് നല്‍കിയത്. എന്നാല്‍ ട്രെയിനിലെ തന്റെ കോച്ചില്‍ കയറിയപ്പോള്‍ ഒന്നിലധികം എലികളെ കണ്ട് ഞെട്ടിപ്പോയതായി യാത്രക്കാരന്‍ പറയുന്നു. ഒപ്പം കോച്ചിന് കുറുകെ പാഞ്ഞുനടക്കുന്ന എലികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
'PNR 6649339230, ട്രെയിൻ 13288 കോച്ച് A1ൽ ഒന്നിലധികം എലികൾ. സീറ്റുകൾക്കും ലഗേജുകൾക്കും മുകളിലൂടെ എലികൾ ഓടിനടക്കുന്നു. ഇതിനാണോ ഞാൻ AC സെക്കന്റ് ക്ലാസിന് ഇത്രയും പണം നൽകിയത്?', പങ്കുവെച്ച പോസ്റ്റില്‍ യുവാവ് പറയുന്നു.
എലികളെ കണ്ടതോടെ സഹായത്തിനായി യാത്രക്കാരന്‍ റെയിൽ വേ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടിരുന്നു. പാറ്റകളെ തുരത്താന്‍ സാധാരണയായി ഉപയോഗിക്കുന്ന കീടനാശിനി തെളിക്കുക മാത്രമാണ് റെയില്‍വേ ജീവനക്കാരന്‍ ചെയ്തതെന്നും യുവാവ് പറഞ്ഞു.
യുവാവ് ട്വീറ്റ് വൈറലായതോടെ മറുപടിയുമായി റെയില്‍വേ അധികൃതർ രംഗത്തെത്തി. യാത്രക്കാരന്റെ പരാതിയെ തുടർന്ന് ട്രെയിനില്‍ പരിശോധന നടത്തിയെന്നും കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയെന്നുമാണ് റെയില്‍വേയുടെ മറുപടി.