image: x.com/sureshsinghj
ഭാര്യയുടെ പ്രേതത്തെ ഭയന്ന് 36 വര്‍ഷമായി സ്ത്രീവേഷം കെട്ടി ജീവിക്കുകയാണെന്ന് ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ സ്വദേശി. പുരുഷനായി ജീവിക്കാന്‍ മരിച്ചുപോയ ഭാര്യ തന്നെ അനുവദിക്കുന്നില്ലെന്നും ഭാര്യയുടെ പ്രേതം കഠിനമായി ഉപദ്രവിക്കുന്നുവെന്നുമാണ് ഇയാള്‍ പറയുന്നതെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വപ്നത്തില്‍ ഭാര്യ തനിക്ക് പ്രത്യക്ഷപ്പെട്ടുവെന്നും ഇനി സ്ത്രീയായി, സ്ത്രീവേഷത്തില്‍ ജീവിച്ചാല്‍ മതിയെന്നും പറഞ്ഞുവെന്നും ഇയാള്‍ വിശദീകരിക്കുന്നു.
മൂന്ന് തവണയാണ് താന്‍ വിവാഹം കഴിച്ചതെന്നും രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ വിടാതെ പിന്തുടരുന്നതെന്നുമാണ് വിചിത്ര ജീവിതം നയിക്കുന്നയാള്‍ പറയുന്നത്. തനിക്ക് ജനിച്ച ഒന്‍പത് മക്കളില്‍ ഏഴുപേരുടെയും ജീവന്‍ പ്രേതം കവര്‍ന്നുവെന്നും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നുമാണ് വിശദീകരണം. സാരിയും വലിയ മാലയും കമ്മലും ധരിച്ച് നെറ്റിയില്‍ സിന്ദൂരവുമണിഞ്ഞാണ് മൂന്ന് പതിറ്റാണ്ടിലേറെയായി ഇയാള്‍ ജീവിക്കുന്നത്.
ഭാര്യയുടെ പ്രേതവും ഭൂതവുമൊന്നുമല്ലെന്നും ഭാര്യ മരിച്ചതോടെ മാനസിക നില തെറ്റിയാണ് ഇയാള്‍ നടക്കുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, അതല്ല പ്രേതോപദ്രവം ഇയാള്‍ക്ക് നേരിട്ടെന്ന് വിശ്വസിക്കുന്നവരുമുണ്ടെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പ്രേതോപദ്രവമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കേണ്ടെന്നുമാണ് മാനസികാരോഗ്യ വിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണമാണ് ആവശ്യമെന്നും അധികൃതര്‍ പറയുന്നു.