image: X, AI
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ജനാലയ്ക്കരികില്‍ ഇരുന്ന് ആകാശക്കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. സീറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇതിനായി പ്രത്യേക സംവിധാനവും ഉണ്ട്. എന്നാല്‍ പണം നല്‍കി വിന്‍ഡോ സീറ്റ് ബുക്ക് ചെയ്തശേഷം കിട്ടിയത് വിമാനത്തിന്‍റെ ഭിത്തിയോട് ചേര്‍ന്ന ഭാഗമാണെന്ന് ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് യുവാവ്. പ്രദീപ് മുത്തുവെന്ന യാത്രക്കാരനാണ് രസകരമായ കാപ്ഷനോടെ ചിത്രം എക്സില്‍ പങ്കിട്ടത്. 'ഡേയ് ഇന്‍ഡിഗോ, വിന്‍ഡോ സീറ്റിനാണ് ഞാന്‍ പൈസ തന്നത്. എന്നിട്ട് വിന്‍ഡോ എവിടെ'. ചിത്രങ്ങള്‍ അതിവേഗം എക്സില്‍ വൈറലായി.
നാണക്കേടിലായതോടെ ഇന്‍ഡിഗോയും കമന്‍റുമായെത്തി. ഫ്ലൈറ്റ് വിവരങ്ങള്‍ നല്‍കിയാല്‍ പരിശോധിക്കാമെന്നും മറുപടി നല്‍കി. കൂടുതല്‍ പേരും തങ്ങള്‍ക്കും ഇത്തരം അമളി പറ്റിയിട്ടുണ്ടെന്ന് കമന്‍റ് ചെയ്തു. വിമാനക്കമ്പനിയുടെ പറ്റിക്കലാണിതെന്നും സത്യത്തില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ചിലര്‍ കുറിച്ചു.
അതേസമയം, യാത്രക്കാരന് ലഭിച്ചത് എമര്‍ജന്‍സി വിന്‍ഡോയ്ക്കരികിലുള്ള സീറ്റാണെന്നും അവിടെ എക്സ്ട്രാ ലെഗ്റൂമടക്കമുള്ള സൗകര്യങ്ങളുണ്ടല്ലോയെന്നും തല്‍ക്കാലം ക്ഷമിക്കൂവെന്നുമായിരുന്നു ഒരാളുടെ കമന്‍റ്. ഇനിയും ഇങ്ങനെ സംഭവിച്ചാല്‍ സ്വന്തം മനസമാധാനത്തിനായി ഒരു വിന്‍ഡോ അവിടെ വരച്ച് സെറ്റ് ചെയ്യാമെന്നായിരുന്നു മറ്റൊരു വിരുതന്‍റെ കമന്‍റ്.
ട്വീറ്റ് വൈറലായതോടെ, 'സത്യത്തില്‍ ഈ ട്വീറ്റിന് ഇത്രയും ശ്രദ്ധ കിട്ടുമെന്ന് കരുതിയില്ല. വിന്‍ഡോസീറ്റ് ബുക്ക് ചെയ്തിട്ട് ഭിത്തി കിട്ടിയത് തമാശയാക്കി പോസ്റ്റ് ചെയ്തതാണ്. പക്ഷേ ഇതിന് ലഭിച്ച ചില മറുപടികള്‍ അതീവരസകരമാണ്. വിമാനക്കമ്പനിയും ബന്ധപ്പെട്ടിരുന്നു. പ്രശ്നം പരിഹരിച്ചു'വെന്നും പ്രദീപ് കുറിച്ചു.